റെയിൽവേ 72,000 തസ്‌തിക വെട്ടിക്കുറച്ചു ; നിർത്തലാക്കിയത്‌ 
ഗ്രൂപ്പ്‌ ‘സി’, ‘ഡി’ 
വിഭാഗത്തിലുള്ള തസ്‌തിക



ന്യൂഡൽഹി ആറ്‌ വർഷത്തിൽ റെയിൽവേ 72,000 തസ്‌തിക വെട്ടിക്കുറച്ചു. 2.65 ലക്ഷം തസ്‌തിക നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നതിനു പുറമെയാണിത്‌. ഗ്രൂപ്പ്‌ ‘സി’, ‘ഡി’ വിഭാഗത്തിലുള്ള തസ്‌തികയാണ്‌ നിർത്തലാക്കിയത്‌. കഴിഞ്ഞ സാമ്പത്തികവർഷം അവസാനത്തോടെ പതിനായിരത്തോളം തസ്‌തിക നിർത്തലാക്കിയെന്നും ജീവനക്കാർ പറഞ്ഞു. ഇതിന്റെ ഔദ്യോഗിക കണക്ക്‌ പുറത്തുവന്നിട്ടില്ല. ജോലികൾ വൻതോതിൽ പുറംതൊഴിൽകരാർ നൽകുകയാണ്‌. റെയിൽവേ സ്വകാര്യവൽക്കരണത്തിന്‌ സമാന്തരമായാണ്‌ തസ്‌തിക നിർത്തലാക്കലും. നിശ്‌ചിതശതമാനം തസ്‌തിക ഒഴിച്ചിടുകയും വർഷംതോറും ഇതിന്‌ ആനുപാതികമായി നിർത്തലാക്കുകയും ചെയ്യുന്നു.  2015--16 മുതൽ 2020–-21 വരെ ദക്ഷിണ റെയിൽവേയിൽമാത്രം 7524 തസ്‌തിക നിർത്തലാക്കി. ഉത്തര റെയിൽവേയിൽ 9000 തസ്‌തികയും പൂർവ റെയിൽവേയിൽ 5700ൽപ്പരം തസ്‌തികയും ഇല്ലാതാക്കി. 2021–--22ലെ  തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ 13,450 തസ്‌തിക ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. സാങ്കേതികവിദ്യ വളർച്ചയുടെ ഫലമായാണ്‌ ഗ്രൂപ്പ്‌ ‘സി’, ‘ഡി’ തസ്‌തിക വെട്ടിക്കുറയ്‌ക്കുന്നതെന്ന്‌ റെയിൽവേ അധികൃതർ വിശദീകരിക്കുന്നു. എന്നാൽ, കരാർനിയമനങ്ങളും പുറംതൊഴിൽകരാറും നൽകുന്നത്‌ ഈ വാദത്തിനു വിരുദ്ധമാണ്‌. സ്ഥിരം നിയമനം അവസാനിപ്പിക്കാനും സംവരണം അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്‌.   Read on deshabhimani.com

Related News