പരിശോധന 50 ലക്ഷം എത്തിക്കാതെ കേന്ദ്രം; ലക്ഷ്യമെത്തിയില്ലെന്ന്‌ ഐസിഎംആർ



തിരുവനന്തപുരം > രാജ്യത്ത്‌ രണ്ടാംതരംഗത്തിൽ പ്രതിദിനം 40–-50 ലക്ഷം പരിശോധനയെന്ന ലക്ഷ്യമെത്തിയില്ലെന്ന്‌ ഐസിഎംആർ റിപ്പോർട്ട്‌. കോവിഡ്‌ ബാധിതരുടെ എണ്ണം കുറയ്‌ക്കാൻ ചില സംസ്ഥാനങ്ങൾ പരിശോധന കുത്തനെ കുറച്ചു. കേരളവും ചില കിഴക്കൻ സംസ്ഥാനങ്ങളുമാണ്‌ ശരാശരി പരിശോധന കുറയ്‌ക്കാതിരുന്നത്‌. കേരളത്തിലെ മരണനിരക്ക്‌ ഇപ്പോഴും 0.58 ശതമാനമാണ്‌. രോഗം ഗുരുതരമായി ബാധിക്കാത്ത ചില ചെറു സംസ്ഥാനങ്ങളിലാണ്‌ ഇതിലും കുറഞ്ഞ നിരക്കുള്ളത്‌. മഹാരാഷ്‌ട്ര, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, നാഗാലാൻഡ്‌ എന്നിവിടങ്ങളിൽ രണ്ടിലധികവും ഡൽഹിയും കർണാടകയുമടക്കമുള്ള സംസ്ഥാനങ്ങളിൽ 1.5ലും കൂടുതലാണ്‌ മരണനിരക്ക്‌. ഗുരുതരമാകുന്നവരുടെ എണ്ണത്തിലും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും കേരളത്തിൽ വലിയ കുറവുണ്ട്‌. പ്രതിദിന പരിശോധന  40–-50 ലക്ഷത്തിലെത്തിക്കാൻ പദ്ധതിയായെന്ന്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ പോയി പരിശോധിക്കാൻ ഐസിഎംആർ അനുമതി നൽകിയിരുന്നു. എന്നാൽ, പോസിറ്റിവിറ്റി നിരക്ക്‌ 17 ശതമാനംവരെ എത്തിയതോടെ പല സംസ്ഥാനങ്ങളും പരിശോധന കുറച്ചു. 11 സംസ്ഥാനത്തിൽ മാത്രമാണ്‌ 20,000ത്തിനു മുകളിലെങ്കിലും ശരാശരി പരിശോധനയുള്ളത്‌. പല സംസ്ഥാനങ്ങളിലും ഐസിഎംആർ നിർദേശിച്ച ചുരുങ്ങിയ പരിശോധനപോലും നടക്കുന്നില്ല. എന്നാൽ, മരണനിരക്കിൽ കുറവുമില്ല. Read on deshabhimani.com

Related News