ഹിമാചലിൽ മദ്യത്തിന്‌ പശു സെസ്‌ , ജലവൈദ്യുത 
പദ്ധതികൾക്കും സെസ്‌



ന്യൂഡൽഹി മദ്യത്തിന്‌ പശു സെസ്‌ ചുമത്തി ഹിമാചൽ പ്രദേശിലെ കോൺഗ്രസ്‌ സർക്കാർ. പ്രഥമ ബജറ്റ്‌ അവതരിപ്പിക്കവേ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്‌ സുഖുവാണ്‌ ഇത്‌ പ്രഖ്യാപിച്ചത്‌. ഒരു മദ്യക്കുപ്പിക്ക്‌ പത്തുരൂപ നിരക്കിൽ സെസ്‌ ചുമത്തി അധികവരുമാനമായി 100 കോടി കണ്ടെത്തും. പശുക്കളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായിരിക്കും തുക ചെലവഴിക്കുക. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലും സമാന സെസ്‌ ഏർപ്പെടുത്തിയിട്ടുണ്ട്. ജലവൈദ്യുത 
പദ്ധതികൾക്കും സെസ്‌ നാലായിരം കോടി അധികവരുമാനം ലക്ഷ്യമിട്ട്‌ സംസ്ഥാനത്തെ 172  ജലവൈദ്യുത പദ്ധതിക്ക്‌ സെസ്‌ ഏർപ്പെടുത്താനുള്ള ബിൽ പാസാക്കി ഹിമാചൽ പ്രദേശിലെ കോൺഗ്രസ്‌ സർക്കാർ. യൂണിറ്റിന്‌ ഒരു രൂപ വീതം സെസ്‌ ഏർപ്പെടുത്തും. 10,991 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ സംസ്ഥാനത്ത്‌ ഉൽപ്പാദിപ്പിക്കുന്നത്‌. ഈ വൈദ്യുതി വാങ്ങുന്ന പഞ്ചാബ്‌, ചണ്ഡീഗഢ്‌, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ വൈദ്യുതി നിരക്ക്‌ കുത്തനെ ഉയരാൻ തീരുമാനം ഇടയാക്കും. ജലവൈദ്യുത പദ്ധതി നിലനിൽക്കുന്ന സംസ്ഥാനത്തിന്‌ സൗജന്യമായി 12 ശതമാനം വൈദ്യുതി നൽകുന്നതിനാൽ ഹിമാചലിൽ ഉപയോക്താക്കളെ ബാധിച്ചേക്കില്ല. ഏകപക്ഷീയമായി സെസ്‌ ഏർപ്പെടുത്തുന്നത്‌ സഹകരണ ഫെഡറലിസം തകർക്കുമെന്നും ഹിമാചൽ സർക്കാരിന്റെ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പഞ്ചാബ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഉത്തരാഖണ്ഡ്‌, ജമ്മു എന്നിവിടങ്ങളിൽ സമാനമായി സെസ്‌ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ ഹിമാചൽ സർക്കാരിന്റെ വാദം. Read on deshabhimani.com

Related News