കർണാടക സുള്ള്യയിൽ ഉരുൾപൊട്ടൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു



പാണത്തൂർ > കേരള കർണാടക അതിർത്തിയിൽ സുള്ള്യക്കടുത്ത് ഉരുൾപൊട്ടൽ. ഹരിഹര, ബാലുഗോഡു, കൊല്ലമൊഗ്രു, കൽമകരു, ബാലുഗോഡു, ഐനകിടു ഗ്രാമങ്ങളിൽ മഴ തുടരുന്നതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്. സുള്ള്യയുടെ സമീപ പ്രദേശമായ സുബ്രഹ്മണ്യ കുമാരധാരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. കുസുമാധര - രൂപശ്രീ ദമ്പതികളുടെ മകൾ ശ്രുതി(11), ജ്ഞാനശ്രീ(6) എന്നിവരാണ് മരിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്‌ത് രണ്ടുപേരെയും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ഹരിഹര, കൊല്ലമൊഗ്രു, കൽമകരു, ബാലുഗോഡു എന്നീ ഗ്രാമങ്ങൾ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. കുക്കെ സുബ്രഹ്മണ്യയിൽ നിന്നും വെള്ളം ആദി സുബ്രഹ്മണ്യത്തിലേക്ക് കയറുകയുണ്ടായി. വരുന്ന രണ്ട് ദിവസത്തേക്ക് കുക്കെ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തരുതെന്ന് ദക്ഷിണ കന്നഡ ജില്ല കലക്‌ടർ ഭക്തരോട് അഭ്യർഥിച്ചു. സുബ്രഹ്മണ്യ പറയൽ മാർഗിലെ ഹരിഹര ഭാഗത്തുള്ള ഗുണ്ടഡ്‌ പാലം വെള്ളത്തിനടിയിലായി. പള്ളത്തട്‌കയിൽ പുഴയോരത്തെ രണ്ട് വീടുകൾ പൂർണമായും വെള്ളത്തില്‍ മുങ്ങി. പല സ്ഥലങ്ങളിലും നാശനഷ്‌ടമുണ്ടായി. റബ്ബർ മരങ്ങൾ അടക്കം കടപുഴകി വീണു. പ്രധാന ടൗണായ ഹരിഹരയ്ക്ക് സമീപമുള്ള കടകളിലും വെള്ളം കയറി. രക്ഷാപ്രവർത്തനം തുടരുകയാണ് Read on deshabhimani.com

Related News