മൂന്നു ദിവസമായി ശക്തമായ മഴ ; മുംബൈ നഗരം വെള്ളക്കെട്ടിൽ



മുംബൈ മുംബൈ നഗരത്തിൽ കനത്ത മഴ തുടരുന്നു. തുടർച്ചയായി മൂന്നാം ദിവസവും മഴ പെയ്‌തതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി. കോവിഡ്‌ വ്യാപനം രൂക്ഷമായിരിക്കെ മഴ കൂടി എത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ  സങ്കീർണമായി‌. മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ മഴ ബാധിച്ചു. രണ്ടു വിമാനം വഴിതിരിച്ചുവിട്ടു. 10 സർവീസുകൾ 45 മിനിറ്റോളം വൈകി. അടുത്ത 24മണിക്കൂർ സമയം മഴ തുടരുമെന്നും ചിലയിടങ്ങളിൽ ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദക്ഷിണ മുംബൈയിൽ കൊളാബയിലെ നിരീക്ഷണ കേന്ദ്രത്തിൽ 129.6 മില്ലിമീറ്ററും സാന്തക്രൂസിൽ 200.8 മില്ലിമീറ്ററും മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. കോവിഡ്‌ നിയന്ത്രണവിധേയമായ ധാരാവി മേഖലയിലും വെള്ളംകയറി. ഇത്‌ കോവിഡ്‌ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ്‌ കോർപറേഷൻ അധികൃതർ. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്‌ രൂക്ഷമാണ്‌. ചെമ്പൂർ, അന്ധേരി സബ്‌വേ, സുരാണ ആശുപത്രി, എസ്‌എൽആർ പാലം, മിലൻ സബ്‌വേ തുടങ്ങി 13 ഇടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ്‌‌. 15 മീറ്റർവരെ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്‌  മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശം നൽകി. മുംബൈ നഗരത്തിനോടു ചേർന്നുള്ള താനെയിലും കൊങ്കൺ മേഖലയിലും ശക്തമായ മഴയാണ്‌. താനെയിൽ ആൾതാമസമില്ലാത്ത കെട്ടിടം തകർന്ന്‌ വീണു. താനെ നഗരത്തിൽ 4 മണിക്കൂറിനിടെ 377 മില്ലിമീറ്ററും ജില്ലയിൽ 161.01 എംഎം മഴയുമാണ്‌ ലഭിച്ചത്‌. Read on deshabhimani.com

Related News