ഹരിദ്വാറിൽ വിദ്വേഷം പ്രസംഗിച്ചയാൾ പിടിയിൽ ; അറസ്റ്റ്‌ സ്‌ത്രീകളെ വർഗീയമായി അധിക്ഷേപിച്ച കേസിൽ

videograbbed image


ന്യൂഡൽഹി ഹരിദ്വാർ വിദ്വേഷപ്രസംഗ കേസിലെ പ്രതി യതി നരസിംഹാനന്ദയെ ശനിയാഴ്‌ച അറസ്‌റ്റുചെയ്‌തത്‌ സ്‌ത്രീകളെ വർഗീയമായി അധിക്ഷേപിച്ച്‌ പ്രസംഗിച്ച മറ്റൊരു കേസിൽ. ഇയാളെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. ശനി രാത്രി ഗംഗയിലെ സർവാനന്ദ് ഘട്ടിലാണ്  അറസ്റ്റ്. വിദ്വേഷപ്രസംഗ കേസിൽ പ്രതിയായ ജിതേന്ദ്ര നാരായൺ ത്യാഗിയുടെ അറസ്റ്റിനെതിരെ സത്യഗ്രഹം നടത്തുകയായിരുന്നു ഇയാൾ. വിദ്വേഷപ്രസംഗ കേസിൽ ഇയാൾക്ക്‌ നോട്ടീസ്‌ അയച്ചിട്ടുണ്ടെന്ന്‌ ഉത്തരാഖണ്ഡ്‌ പൊലീസ്‌ പറഞ്ഞു. അറസ്‌റ്റിനുള്ള നടപടി പുരോഗമിക്കുകയാണ്‌. കോടതിയിൽ ഇക്കാര്യം അറിയിക്കുമെന്നും പൊലീസ്‌ പറഞ്ഞു. ഡിസംബർ 17–-19 തീയതികളിൽ ഹരിദ്വാറിൽ സംഘടിപ്പിച്ച മതസമ്മേളനത്തിലാണ്‌ നരസിംഹാനന്ദ അടക്കമുള്ളവർ തീവ്ര മുസ്ലിംവിരുദ്ധ പരാമർശം നടത്തിയത്‌. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ്‌ നടപടിയെടുത്തില്ല. രാജ്യവ്യാപകപ്രതിഷേധം ഉയർന്നതിനെത്തുടർന്ന്‌ കേസെടുത്തെങ്കിലും എഫ്‌ഐആറിൽ ആരുടെയും പേര്‌ ഉൾപ്പെടുത്തിയില്ല. പിന്നീട്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്കൊപ്പം നരസിംഹാനന്ദ തമാശ പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ്‌ ഇപ്പോഴത്തെ നടപടി. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രിമാരുടെ അടുപ്പക്കാരനും  മതസമ്മേളനത്തിന്റെ മുഖ്യസംഘാടകനുമായ പ്രബോധാനന്ദ്‌ ഗിരി വിദ്വേഷപ്രസംഗത്തിൽ ഉറച്ചുനിൽക്കുകയാണ്‌. Read on deshabhimani.com

Related News