പരിചയസമ്പന്നനായ ജഡ്ജി പരി​ഗണിക്കണം ; ജ്ഞാൻവാപി കേസില്‍ സുപ്രീംകോടതി



ന്യൂഡൽഹി വാരാണസി ജ്ഞാൻവാപി മസ്‌ജിദുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ബന്ധമുള്ളവര്‍ നൽകിയ ഹർജി സിവിൽ മജിസ്‌ട്രേട്ടിൽനിന്ന്‌ ജില്ലാജഡ്‌ജിയുടെ പരിഗണനയിലേക്ക് മാറ്റി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്‌. വിഷയത്തിന്റെ സങ്കീർണതയും വെെകാരികതയും പരിഗണിച്ച് കൂടുതൽ പരിചയസമ്പന്നനായ ജഡ്ജി ഹർജി പരിഗണിക്കണമെന്ന് ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു. വീഡിയോ സർവേ അനുവദിച്ച കീഴ്‌ക്കോടതിയുടെ മുൻ ഉത്തരവ്‌ അസ്ഥിരപ്പെടുത്തിയിട്ടില്ല. ആരാധന തുടരാമെന്നും പ്രവേശനം തടയരുതെന്നുമുള്ള  സുപ്രീംകോടതിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബെഞ്ച്‌ വ്യക്തമാക്കി. വിവരം 
ചോര്‍ത്തരുത് റിപ്പോർട്ടിലെ ഒരു വിവരവും മാധ്യമങ്ങൾക്കടക്കം ചോർത്തരുതെന്ന്‌ കമീഷന്‌ സുപ്രീംകോടതി കർശന നിർദേശം നൽകി. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ ചില വിവരങ്ങൾമാത്രം ചോർന്നതിൽ പള്ളിക്കമ്മിറ്റിയുടെ അഭിഭാഷകൻ ഹുസേഫ അഹമ്മദി ആശങ്ക രേഖപ്പെടുത്തിയത്‌ മുഖവിലയ്‌ക്കെടുത്താണ് നിർദേശം. ചോർന്നുകിട്ടിയ വിവരങ്ങൾ പ്രചരിപ്പിച്ച് സംഘപരിവാർ നേരത്തേ സാമുദായിക മുതലെടുപ്പിന് ശ്രമിച്ചിരുന്നു. അഞ്ഞൂറ്‌ വർഷമായി തുടരുന്ന തൽസ്ഥിതി സർവേ കമീഷനെ നിയോഗിച്ചുള്ള കീഴ്‌ക്കോടതി ഉത്തരവോടെ തകർന്നുവെന്ന്‌ അഹമ്മദി വാദിച്ചു. 1991ലെ ആരാധനാലയ ഉടമസ്ഥാവകാശ നിയമത്തിന്‌ വിരുദ്ധമാണ്‌ കമീഷൻ രൂപീകരണം. "ശിവലിംഗം' കണ്ടെത്തിയെന്ന്‌ എതിർവിഭാഗം പ്രചരിപ്പിക്കുന്ന സ്ഥലത്തായിരുന്നു വിശ്വാസികള്‍ നമസ്‌കാരത്തിന്‌ ദേഹശുദ്ധിവരുത്തിയിരുന്നത്‌. ഇപ്പോള്‍ ഇതിന്‌ ബുദ്ധിമുട്ടാകുന്നുവെന്ന്‌ അറിയിച്ചതോടെ ദേഹശുദ്ധിവരുത്തുന്നതിന്‌ സൗകര്യമൊരുക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ  ജില്ലാ മജിസ്‌ട്രട്ടിനോട് ജസ്റ്റിസുമാരായ സൂര്യകാന്ത്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച്‌ നിർദേശിച്ചു.   Read on deshabhimani.com

Related News