ശിവലിംഗം എവിടെയെന്ന് സുപ്രീംകോടതി ; മറുപടിയില്ലാതെ യുപി സർക്കാർ



ന്യൂഡൽഹി ജ്ഞാൻവാപിയിൽ ശിവലിംഗം കണ്ടെത്തി എന്ന്‌ പറയുന്ന പ്രദേശം കൃത്യമായി എവിടെയെന്ന്‌ ആരാഞ്ഞ്‌ സുപ്രീംകോടതി. നിസ്‌കാരത്തിനുമുമ്പ്‌ ദേഹശുദ്ധി വരുത്തുന്നയിടത്താണ്‌ ശിവലിംഗമെന്നും അവിടെ പ്രവേശനം നൽകരുതെന്നും യുപി സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചതിന്‌ പിന്നാലെയാണ്‌ കോടതി ചോദ്യമുന്നയിച്ചത്‌. എന്നാൽ, മേത്തയ്‌ക്ക്‌ കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. തുടർന്ന്‌ കോടതി വാദം തള്ളി. സുപ്രീംകോടതിയിൽനിന്ന്‌ വിമർശം ഭയന്ന്‌ പള്ളിയിൽ സർവേ കമീഷണറായി നിയമിച്ചിരുന്ന അജയ്‌ മിശ്രയെ വാരാണസി ജില്ലാ കോടതി നീക്കിയിരുന്നു. സർവേ വിവരം ചോർന്നെന്ന്‌ ആരോപിച്ചാണ്‌ നടപടി. അജയ്‌ മിശ്രയിൽ പള്ളിക്കമ്മിറ്റി നേരത്തേ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതി രണ്ട്‌ ദിവസം സമയം നൽകി. വ്യാഴംവരെ സർവേയടക്കം എല്ലാ നടപടികളും സ്‌റ്റേ ചെയ്യണമെന്ന പള്ളിക്കമ്മിറ്റിക്കു വേണ്ടി ഹാജരായ ഹുസേഫ അഹമ്മദിയുടെ വാദം വാർത്താപ്രാധാന്യം നേടാനാണെന്ന്‌ തുഷാർ മേത്ത പറഞ്ഞു. ഇത്‌ വാഗ്വാദത്തിനിടയാക്കി. കുളത്തിൽ ശിവലിംഗം കണ്ടെന്ന്‌ പ്രചരിപ്പിച്ച്‌ കലാപത്തിന്‌ കോപ്പ്‌കൂട്ടിയ സംഘപരിവാറിനേറ്റ അടിയാണ്‌ ഈ ഉത്തരവ്‌. പള്ളിയുടെ ഭിത്തിക്കുള്ളിൽ ക്ഷേത്രാവശിഷ്‌ടങ്ങളുണ്ടെന്നും വർഷം മുഴുവൻ പ്രാർഥന നടത്തണമെന്നുമാവശ്യപ്പെട്ട്‌ ബാബ്‌റി മസ്‌ജിദിനു സമാനമായ നീക്കമാണ്‌ നടത്തിയത്‌. അതേസമയം, ശിവലിംഗമെന്ന പേരിൽ കണ്ടെത്തിയത്‌ കുളത്തിലെ ഫൗണ്ടനാണെന്നാണ്‌ പള്ളിക്കമ്മിറ്റി പറയുന്നത്‌. Read on deshabhimani.com

Related News