ജ്ഞാൻവാപി കേസ്‌ : പള്ളിക്കമ്മിറ്റിയുടെ ഹർജി ആദ്യം കേൾക്കും ; വാദം നാളെ മുതൽ



ന്യൂഡൽഹി വാരാണസി ജ്ഞാൻവാപി മസ്‌ജിദ്‌ കേസിൽ പള്ളിക്കമ്മിറ്റി നൽകിയ ഹർജി ആദ്യം പരി​ഗണിക്കുമെന്ന് ജില്ലാ കോടതി. സർവേ നടത്താനുള്ള ഉത്തരവ്‌ നിലനിൽക്കില്ലെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിന്റെ വെളിച്ചത്തിൽ ഹർജി ആദ്യം കേൾക്കണമെന്നുമുള്ള പള്ളിക്കമ്മിറ്റി അഭിഭാഷകൻ അഭയ് നാഥ് യാദവിന്റെ ആവശ്യം കോടതി അംഗീകരിച്ചു. വാദം വ്യാഴാഴ്‌ച തുടങ്ങും പള്ളിയിൽ വീഡിയോ സർവേ നടത്താൻ കീഴ്‌ക്കോടതി ഉത്തരവിട്ടത്‌ 1991ലെ ആരാധനാലയ ഉടമസ്ഥാവകാശ നിയമത്തിന്റെ ലംഘനമെന്നും അതിനാൽ നിലനിൽക്കില്ലെന്നുമാണ്‌ പള്ളിക്കമ്മിറ്റി വാദം. "ശിവലിംഗം' കണ്ടെത്തിയെന്ന്‌ സർവേ റിപ്പോർട്ടുകളിൽ പറയുന്നതായി റിപ്പോര്‍ട്ടില്ല. ശിവലിംഗമെന്ന്‌ സംഘപരിവാർ പ്രചരിപ്പിക്കുന്നത്‌ കുളത്തിലെ ഫൗണ്ടനാണെന്ന പള്ളിക്കമ്മിറ്റിയുടെ നിലപാടിന്‌ ഇത് ബലം പകരുന്നു. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ എങ്ങനെയാണോ മതസ്ഥാപനങ്ങൾ ഉണ്ടായിരുന്നത്‌ അതേനില തുടരണമെന്ന നിയമം സർവേ ഉത്തരവോടെ അട്ടിമറിക്കപ്പെട്ടെന്ന പള്ളിക്കമ്മിറ്റിയുടെ വാദം അംഗീകരിച്ച്‌ നമസ്‌കാരമടക്കം തുടരാൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. സർവേയിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെത്തിയെന്ന വെളിപ്പെടുത്തല്‍ പ്രധാനമാണെന്നും അതിനാൽ തങ്ങളുടെ വാദം ആദ്യം കേൾക്കണമെന്നുമുള്ള സംഘപരിവാർ ബന്ധമുള്ള ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി.  സർവേ റിപ്പോർട്ടിൽ എതിരഭിപ്രായമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം അറിയിക്കണമെന്നും  ജസ്‌റ്റിസ്‌ ഡോ. അജയ് കുമാർ വിശ്വേഷ ഇരുഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്‌. പള്ളിയുടെ പടിഞ്ഞാറേ മതിലിനു സമീപത്തായി  ശിവലിംഗമുണ്ടെന്നും വർഷം മുഴുവൻ ആരാധന നടത്താൻ അനുമതി വേണമെന്നുമാണ്‌ സംഘപരിവാർ പിന്തുണയുള്ള ഹർജിക്കാരുടെ പ്രധാന ആവശ്യം.   Read on deshabhimani.com

Related News