ഏറ്റെടുക്കുന്ന ഭൂമിക്ക്‌ ന്യായവിലയോ ? അർഹമായ നഷ്ടപരിഹാരം 
 ലഭിക്കാതെ ഗുജറാത്തിലെ കർഷകർ

വിട്ടുകൊടുത്ത ഭൂമിക്ക് ന്യായവില നിഷേധിക്കപ്പെട്ട 
ദയാഭായ്, ദിനേശ് ഭായ്, ചന്തു ഭായ്, മുകേഷ് ഭായ് 
എന്നിവർ ഉപ്ലട്ട- പോർബന്തർ ബൈപാസ് റോഡിൽ


ദേശീയപാത ബൈപാസ്‌ നിർമാണത്തിന്‌ 16 വർഷംമുമ്പ്‌ വിട്ടുനൽകിയ സ്ഥലത്തിന്‌ ഇനിയും അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഗുജറാത്തിലെ കർഷകർ. ഏഴര കിലോമീറ്റർ ദൈർഘ്യമുള്ള  ഉപ്ലട്ട–-പോർബന്തർ ബൈപാസിനായി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ്‌ 2006ൽ ഇരുനൂറിൽപ്പരം ഏക്കർ കൃഷിയിടങ്ങൾ ഏറ്റെടുത്തത്‌. മോദിക്കുശേഷം  മൂന്നാമത്തെ  മുഖ്യമന്ത്രിയുടെ കാലത്ത്‌ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുമ്പോഴും ഭൂമിക്ക്‌ ദേശീയപാത നിയമപ്രകാരമുള്ള വില ലഭിക്കാൻ കർഷകർ അധികാരകേന്ദ്രങ്ങൾ കയറിയിറങ്ങുകയാണ്‌. ചതുരശ്ര മീറ്റർ സ്ഥലത്തിന്‌ രണ്ടായിരത്തോളം രൂപ വിപണിവില ഉണ്ടായിരുന്ന കാലത്ത്‌ കർഷകർക്ക്‌ 15 രൂപമുതൽ 35 രൂപവരെയാണ്‌ ലഭിച്ചത്‌. നഷ്ടപരിഹാരം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ചുമതലയുള്ള രാജ്‌കോട്ട്‌ കലക്ടർക്ക്‌ കർഷകർ നിവേദനം നൽകി. മാറിമാറിവരുന്ന കലക്ടർമാർ ‘മുകളിൽനിന്ന്‌’ തീരുമാനം വരേണ്ട വിഷയമാണെന്ന്‌ പറഞ്ഞ്‌ കൈമലർത്തുകയാണെന്ന്‌ ഭൂമി നഷ്ടപ്പെട്ട കർഷകരായ ചന്തുഭായ്‌, ദിനേശ്‌ ഭായ്‌ എന്നിവർ പറഞ്ഞു. എംഎൽഎ മുതൽ മുഖ്യമന്ത്രി വരെയുള്ളവരെ പലതവണ നേരിൽ കണ്ടു. ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള നിയമം ഗുജറാത്തിൽ നടപ്പാക്കിയിട്ടില്ലെന്ന്‌ അഖിലേന്ത്യ കിസാൻസഭ ഗുജറാത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ദയാഭായ്‌ ഗജേര പറഞ്ഞു. ഒന്നര ഏക്കർ സ്ഥലം നഷ്ടപ്പെട്ട ചന്തുഭായിക്ക്‌ 8100 രൂപ മാത്രമാണ്‌ ലഭിച്ചത്‌. ഒരേക്കർ പോയ ദിനേശ്‌ ഭായിക്ക്‌ കിട്ടിയത് ലക്ഷം രൂപ.  നാലേക്കർവരെ സ്ഥലം നഷ്ടപ്പെട്ടവരുണ്ട്‌. ആർക്കും ന്യായവില കിട്ടിയില്ല. ഈ തെരഞ്ഞെടുപ്പ്‌ കാലത്തും വാഗ്‌ദാനമായിപ്പോലും ന്യായവിലയെക്കുറിച്ച്‌ സംസാരിക്കാൻ ബിജെപി സർക്കാർ തയ്യാറായിട്ടില്ലെന്ന്‌ കർഷകർ പറയുന്നു.  Read on deshabhimani.com

Related News