ഗുജറാത്തിലെ യഥാർഥ കോവിഡ് മരണങ്ങൾ പുറത്ത്‌; 89633 നഷ്‌ടപരിഹാര അപേക്ഷകൾ, ഔദ്യോഗിക കണക്കിൽ 10094



ന്യൂഡൽഹി > കോവിഡ്‌ മരണ നഷ്‌ടപരിഹാരത്തിനുള്ള അപേക്ഷകളുടെ എണ്ണം പുറത്തുവന്നതോടെ ഗുജറാത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ. സംസ്ഥാനത്ത്‌ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് മരണം 10,094 ആണ്. എന്നാല്‍ നഷ്‌ടപരിഹാരത്തിന് 89,633 അപേക്ഷകളാണ്‌ ലഭിച്ചത്‌. ഇതിനോടകംതന്നെ 68,370 പേര്‍ക്ക് നഷ്‌ടപരിഹാരം നല്‍കിയതായും അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിന് ഗുജറാത്ത് സര്‍ക്കാര്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കോവിഡ്‌ കണക്കുകളിൽ സംസ്ഥാനം എത്രത്തോളം കൃത്രിമം കാണിച്ചിരുന്നു എന്നാണ്‌ ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്‌. വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ ഔദ്യോഗിക കണക്കുകളിലെ കോവിഡ് മരണത്തിനെക്കാള്‍ ഒന്‍പത് ഇരട്ടി വരെ നഷ്‌ടപരിഹാരത്തിന് അപേക്ഷ ലഭിച്ചു. തെലുങ്കാനയില്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 3,993 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ നഷ്‌ടപരിഹാരത്തിന് 29,000 അപേക്ഷ ലഭിച്ചു. ഇതില്‍ 15,270 പേര്‍ക്ക് നഷ്‌ടപരിഹാരത്തുക കൈമാറിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മഹാരാഷ്ട്രയില്‍ 21,3890 അപേക്ഷകളാണ് സംസ്ഥാന സര്‍ക്കാരിന് നഷ്‌ടപരിഹാരത്തിനായി ലഭിച്ചത്. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 14,1737 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് മരണം കുറച്ച് കാണിക്കാനാണ് പല സംസ്ഥാനങ്ങളും ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്താത്തത്. Read on deshabhimani.com

Related News