​ഗുജറാത്ത് വിഷമദ്യദുരന്തം: മരണം 40 ആയി



അഹമ്മദാബാദ് ബിജെപി ഭരിക്കുന്ന മദ്യനിരോധിത സംസ്ഥാനമായ ​ഗുജറാത്തില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. ​ഭാവ്ന​ഗറിലാണ് വെള്ളത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ത്തി വിളമ്പിയത്. സംഭവത്തില്‍ നേരിട്ടു ബന്ധമുള്ള 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  മരിച്ച 31 പേര്‍ ബോട്ടാഡിലെ വിവിധ ​ഗ്രാമങ്ങളില്‍നിന്നുള്ളവരും ഒമ്പതുപേര്‍ സമീപ പ്രദേശമായ ധന്ധുക്കയിലുള്ളവരുമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത. തിങ്കള്‍ രാവിലെ റോജിദ് ജില്ലയിലെ നിരവധിപേര്‍ സമാന ആരോ​ഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിഷമദ്യദുരന്തം പുറത്തറിഞ്ഞത്. ഫോറന്‍സിക് പരിശോധനയില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ചതായി തെളിഞ്ഞു. അഹമ്മദാബാദിലെ മദ്യ​ ഗോഡൗണിലെ മാനേജരായിരുന്ന ജയേഷ് എന്ന രാജു 600 ലിറ്റര്‍ മീഥൈല്‍ ആല്‍ക്കഹോള്‍ 40,000 രൂപയ്ക്ക് ബോട്ടാഡിലുള്ള ബന്ധുവായ സഞ്ജയ്ക്ക് നല്‍കിയതായി അന്വേഷകസംഘം കണ്ടെത്തി. വ്യാവസായിക ഉപയോ​ഗത്തിനുള്ളതാണെന്ന് അറിഞ്ഞിട്ടും സഞ്ജയ് ഇത് ചെറുകിട കച്ചവടക്കാര്‍ക്ക് മറിച്ചുവിറ്റു. കച്ചവടക്കാര്‍ ഇതില്‍ വെള്ളം മാത്രം ചേര്‍ത്ത് നാടന്‍മദ്യമാക്കി വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. Read on deshabhimani.com

Related News