ജിഎസ്‌ടി നിരക്ക്‌ വർധന: വിലക്കയറ്റം കുതിക്കും



ന്യൂഡൽഹി തൈരും മോരും അടക്കം പായ്ക്ക്ചെയ്ത ഭക്ഷ്യവസ്‌തുക്കളുടെയും കത്തിയും സ്‌പൂണും അടക്കം അടുക്കള ഉപകരണങ്ങളുടെയും ജിഎസ്‌ടി കുത്തനെ ഉയർത്തിയ കേന്ദ്ര തീരുമാനം രാജ്യത്ത്‌ വിലക്കയറ്റം അതിരൂക്ഷമാക്കും.  മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റത്തോത്‌ മേയിൽ 15.9 ശതമാനമെന്ന റെക്കോഡ്‌ നിരക്കിലാണ്. വരുംമാസങ്ങളിലും വിലക്കയറ്റത്തോത്‌ വർധിക്കാൻ വഴിയൊരുക്കുന്നതാണ്‌ ജിഎസ്‌ടി കൗൺസിൽ കഴിഞ്ഞ ദിവസമെടുത്ത തീരുമാനം. പായ്‌ക്ക്‌ ചെയ്‌ത ഇറച്ചി, മീൻ, തൈര്‌, മോര്‌, ലസ്സി, പനീർ, ഉണക്കിയ പയറിനങ്ങൾ, വറുത്ത താമരവിത്ത്‌ (മഖാന), ഗോതമ്പ്‌ അടക്കമുള്ള ധാന്യങ്ങൾ, ഗോതമ്പുപൊടി, ശർക്കര, പൊരി എന്നീ ഭക്ഷ്യവസ്‌തുക്കൾക്കും പായ്‌ക്ക്‌ ചെയ്‌ത ജൈവവളം, ചകിരിച്ചോറ്‌ കമ്പോസ്റ്റ്‌ എന്നീ ഉൽപ്പന്നങ്ങൾക്കും അഞ്ചുശതമാനം ജിഎസ്‌ടി പുതിയതായി ഈടാക്കും.| കത്തികൾ, സ്‌പൂൺ, ഫോർക്ക്‌ തവി, അരിപ്പതവി, കേക്ക്‌ സെർവറുകൾ, ഗ്രൈൻഡറുകൾ എന്നീ അടുക്കള ഉപകരണങ്ങൾ, എല്ലായിനം വാട്ടർ പമ്പുകളുടെയും ജിഎസ്‌ടി നിരക്ക്‌ 12ൽനിന്ന് 18 ശതമാനമായി ഉയർത്തി. പൊടിമില്ലുകളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങൾക്കും സൈക്കിളിന്‌ കാറ്റടിക്കുന്ന പമ്പിനും ബാങ്ക് ചെക്ക്‌ ബുക്കുകളുടെയും ജിഎസ്‌ടി 18 ശതമാനമാക്കി. പുതിയ നിരക്കുകൾ 18 മുതൽ പ്രാബല്യത്തിൽ വരും. ആയിരത്തിൽ താഴെ ദിവസവാടകയുള്ള ഹോട്ടൽ മുറികൾക്ക്‌ പുതിയതായി 12 ശതമാനം ജിഎസ്‌ടി ചുമത്തി. നിലവിൽ  അയ്യായിരത്തിൽ കൂടുതൽ ദിവസവാടകയുള്ള ആശുപത്രി മുറികൾക്ക്‌ ജിഎസ്‌ടി അഞ്ചിൽനിന്ന്‌ 12 ശതമാനമാക്കി ഉയർത്തി. എൽഇഡി ലൈറ്റുകളുടെയും ലാമ്പുകളുടെയും ജിഎസ്‌ടിയും 18 ശതമാനമാക്കി. നികുതി വര്‍ധന പിന്‍വലിക്കണം: യെച്ചൂരി ഉയർത്തിയ നികുതി പിൻവലിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങൾക്കുമേൽ മോദി സർക്കാർ അമിതഭാരം അടിച്ചേൽപ്പിക്കുന്നു. തൊഴിലില്ലായ്‌മയ്‌ക്കും പട്ടിണിമരണത്തിനും ദാരിദ്ര്യത്തിനുമൊന്നും പരിഹാരം കാണാൻ മോദി സർക്കാരിനാകുന്നില്ല. നികുതി വർധനയിലൂടെ ജനങ്ങളുടെ സമ്പാദ്യം കൂടുതലായി കൊള്ളയടിക്കുകയാണ്‌–- യെച്ചൂരി പറഞ്ഞു. Read on deshabhimani.com

Related News