വാടകയ്ക്ക് ജിഎസ്‌ടി: വ്യക്തതവരുത്തി കേന്ദ്രം



ന്യൂഡൽഹി> വാണിജ്യ ആവശ്യങ്ങൾക്ക് വീടുകൾ വാടകയ്‌ക്ക്‌ എടുക്കുമ്പോൾ മാത്രമാണ്‌ ജിഎസ്‌ടി ബാധകമാകുകയെന്ന വിശദീകരണവുമായി കേന്ദ്ര സർക്കാർ. സ്വകാര്യ ആവശ്യങ്ങൾക്കായി വാടകയ്‌ക്ക്‌ നൽകുമ്പോൾ ജിഎസ്‌ടി ബാധകമാകില്ലെന്ന്‌ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോ ട്വീറ്റിലൂടെ അറിയിച്ചു. ഏതെങ്കിലും വാണിജ്യസ്ഥാപനത്തിന്റെ നടത്തിപ്പുകാരനോ പങ്കാളിയോ വ്യക്തിഗത ആവശ്യത്തിനായി വീട്‌ വാടകയ്‌ക്ക്‌ എടുത്താൽ ജിഎസ്‌ടി ബാധകമാകില്ല. വീട്ടുവാടകയ്‌ക്ക്‌ ജിഎസ്‌ടി ചുമത്തിയുള്ള ഭേദഗതി ജൂലൈ 18 മുതൽ നടപ്പാക്കപ്പെട്ട സാഹചര്യത്തിലാണ്‌ കേന്ദ്ര സർക്കാരിന്റെ വിശദീകരണം. വീട്‌ വാണിജ്യാവശ്യത്തിന്‌ വാടകയ്‌ക്ക്‌ എടുക്കുന്നയാൾ 18 ശതമാനം ജിഎസ്ടി അടയ്‌ക്കണം. വാണിജ്യകേന്ദ്രങ്ങളിലും മറ്റും വാടകയ്‌ക്ക്‌ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്‌ നേരത്തേതന്നെ ജിഎസ്‌ടി ബാധകമായിരുന്നു. പുതിയ ഭേദഗതിയോടെ റസിഡൻഷ്യൽ മേഖലകളിൽ വീടുകളും ഫ്ലാറ്റുകളും വാടകയ്‌ക്കെടുത്ത്‌ പ്രവർത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങൾക്കുകൂടി ജിഎസ്‌ടി ബാധകമാകും. എല്ലാ വാടകക്കാരും ജിഎസ്‌ടി അടയ്‌ക്കേണ്ടി വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്‌ വിശദീകരണം.   Read on deshabhimani.com

Related News