ഗൗതം നവ്‌ലാഖയെ 24 മണിക്കൂറിനകം 
വീട്ടുതടങ്കലിലേക്ക്‌ മാറ്റണം ; എൻഐഎയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശം



ന്യൂഡൽഹി ഭീമാ കൊറേഗാവ്‌ കേസിലെ പ്രതി ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക്‌ മാറ്റണമെന്ന മുൻ ഉത്തരവ്‌ പിൻവലിക്കില്ലെന്ന്‌ സുപ്രീംകോടതി. ഈ ആവശ്യം ഉന്നയിച്ച്‌ എൻഐഎ സമർപ്പിച്ച ഹർജി ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ ബെഞ്ച്‌ തള്ളി. ഈ മാസം 10ന്‌ പുറപ്പെടുവിച്ച ഉത്തരവ്‌ 24 മണിക്കൂറിനുള്ളിൽ നടപ്പാക്കണമെന്നും കോടതി അന്ത്യശാസനം നൽകി. കോടതി ഉത്തരവ്‌ എൻഐഎ പാലിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഗൗതം നവ്‌ലാഖ സമർപ്പിച്ച ഹർജി പരിഗണിച്ചാണ്‌ നടപടി. എഴുപത്‌ വയസ്സുള്ള ഒരു വൃദ്ധനെ വീട്ടുതടങ്കലിൽ സൂക്ഷിക്കാൻ കഴിയില്ലെന്നാണ്‌ നിങ്ങളുടെ വാദമെങ്കിൽ അത്‌ നിങ്ങളുടെ ബലക്ഷയത്തെയാണ്‌ കാണിക്കുന്നതെന്ന്‌ - ജസ്റ്റിസ്‌ ഹൃഷികേശ്‌ റോയ്‌ കൂടി അംഗമായ ബെഞ്ച്‌  എൻഐഎയെ പരിഹസിച്ചു.  സിപിഐ എമ്മിന്റെ പേര്‌ പറഞ്ഞ്‌ നടുക്കേണ്ട സിപിഐ എം മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിക്ക്‌ മുകളിലുള്ള താമസസ്ഥലത്ത്‌ വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന ഗൗതം നവ്‌ലാഖയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന എൻഐഎയുടെ വാദവും സുപ്രീംകോടതി തള്ളി. കമ്യൂണിസ്‌റ്റ്‌ പാർടി നിരോധിത സംഘടനയാണോയെന്ന്‌ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌തയോട്‌ ചോദിച്ചു. തനിക്ക്‌ അതേക്കുറിച്ച്‌ അറിയില്ലെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ പ്രതികരണം. കമ്യൂണിസ്‌റ്റ്‌ പാർടി  നിരോധിത സംഘടന അല്ലെന്നും എൻഐഎയുടെ വാദം കോടതിയെ നടുക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിൽ അത്‌ വിലപ്പോകില്ലെന്നും ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ നിരീക്ഷിച്ചു. ‘കമ്യൂണിസ്‌റ്റ്‌ പാർടി മാവോയിസ്‌റ്റുകൾക്ക്‌ എതിരാണ്‌. ലൈബ്രറി നടത്തുന്നത്‌ ബി ടി രണദിവേ ട്രസ്‌റ്റാണ്‌. രണദിവേയും ഇഎംഎസ്‌ നമ്പൂതിരിപ്പാടും കമ്യൂണിസ്‌റ്റ്‌ സമുന്നത നേതാക്കളാണ്‌’–- നവ്‌ലാഖയുടെ അഭിഭാഷക നിത്യാരാമകൃഷ്‌ണൻ വിശദീകരിച്ചു. Read on deshabhimani.com

Related News