ഗെലോട്ട്‌ പൈലറ്റ്‌ പോര്‌ ; പ്രക്ഷോഭത്തിൽനിന്ന്‌ 
പിന്നോട്ടില്ലെന്ന്‌ പൈലറ്റ്‌



ന്യൂഡൽഹി രാജസ്ഥാനിൽ അശോക്‌ ഗെലോട്ട്‌ സർക്കാരിന്റെ ഭരണപരാജയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളിൽനിന്ന്‌ പിന്നാക്കം പോകില്ലെന്ന് പ്രഖ്യാപിച്ച്‌ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്‌. രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചെന്ന്‌ ഹൈക്കമാൻഡ്‌ അവകാശപ്പെട്ട്‌ ദിവസങ്ങൾക്കകമാണ്‌ പൈലറ്റ്‌ തുറന്നടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾ മാത്രം ശേഷിക്കെ ഗെലോട്ട്‌–- പൈലറ്റ്‌ പോര്‌ ശക്തമാകുകയാണ്. ഗെലോട്ടിനെയും പൈലറ്റിനെയും ഡൽഹിയിലേക്ക്‌ വിളിച്ചുവരുത്തി ഹൈക്കമാൻഡ്‌ തിങ്കളാഴ്‌ച ഒത്തുതീർപ്പ്‌ ചർച്ച നടത്തി. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, മുൻ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി എന്നിവരാണ്‌ അനുരഞ്ജനശ്രമം നടത്തിയത്‌. നാലുമണിക്കൂർ നീണ്ട ചർച്ചയ്‌ക്കു ശേഷമാണ്‌ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഗെലോട്ടും പൈലറ്റും വേണുഗോപാലിന്റെ ഇരുവശത്തായി നിന്നെങ്കിലും പരസ്‌പരം നോക്കുകപോലും ചെയ്‌തില്ല. ഡൽഹിയിൽനിന്ന്‌ മടങ്ങി ദിവസങ്ങൾക്കകമാണ്‌ പൈലറ്റിന്റെ വെടിപൊട്ടിക്കൽ. അഴിമതിക്കേസുകളിൽ അന്വേഷണം, ചോദ്യപേപ്പർ ചോർച്ച മൂലം അവസരനഷ്ടമുണ്ടായ വിദ്യാർഥികൾക്ക്‌ നഷ്ടപരിഹാരം, സംസ്ഥാന പിഎസ്‌സി സമ്പൂർണമായി ഉടച്ചുവാർക്കൽ എന്നീ ആവശ്യങ്ങളാണ്‌ പൈലറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. വിഷയങ്ങളിൽ തീരുമാനം എടുക്കാൻ ഗെലോട്ട്‌ സർക്കാരിന്‌ 10 ദിവസത്തെ സമയം നൽകി. ഈ സമയപരിധി വെള്ളിയാഴ്‌ച പൂർത്തിയായ ഘട്ടത്തിലാണ്‌ ആവശ്യങ്ങളിൽനിന്ന്‌ പിന്നാക്കം പോകില്ലെന്ന്‌ പൈലറ്റ്‌ വ്യക്തമാക്കിയത്. Read on deshabhimani.com

Related News