പെട്രോൾ–ഡീസൽ വിലവര്‍ധന; അധിക സെസും സർചാർജും പിൻവലിക്കണം: സിപിഐ എം പി.ബി



ന്യൂഡൽഹി > പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിത വിലയാൽ നട്ടംതിരിയുന്ന ജനങ്ങൾക്ക്‌ ശരിക്കും ആശ്വാസമേകുന്നതിന്‌ പെട്രോൾ–- ഡീസൽ അധിക സെസും സർചാർജും അടിയന്തരമായി പിൻവലിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ യോഗം ആവശ്യപ്പെട്ടു. പെട്രോൾ എക്‌സൈസ്‌ തീരുവയിൽ അഞ്ചു രൂപയും ഡീസൽ എക്‌സൈസ്‌ തീരുവയിൽ 10 രൂപയും കുറച്ചത് ജനങ്ങൾക്ക്‌ ആശ്വാസമേകില്ല. ഒരു ലിറ്റർ പെട്രോൾ വിലയിൽ 33 രൂപയും ഡീസലിൽ 32 രൂപയും കേന്ദ്ര എക്‌സൈസ്‌ തീരുവയാണ്‌. ഇപ്പോൾ വരുത്തിയ കുറവ്‌ നാമമാത്രം. സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട എക്‌സൈസ്‌ തീരുവയാണ്‌ കുറച്ചത്‌. എന്നാൽ, സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ്‌ തീരുവയായി (സർചാർജ്‌) 74,350 കോടിയും അഡീഷണൽ എക്‌സൈസ്‌ തീരുവയായി (സെസ്‌) 1,98,000 കോടിയും കേന്ദ്രം ഈടാക്കുന്നു. ഇതിനു പുറമെ മറ്റ്‌ സെസ്‌–- സർചാർജ്‌ ഇനത്തില്‍ 15,150 കോടിയും കേന്ദ്രം പിരിക്കുന്നു. ഇതെല്ലാം ചേരുമ്പോൾ 2.87 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രത്തിന്‌ ലഭിക്കുന്നത്‌. ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ല. ജനങ്ങൾക്ക്‌ അർഥവത്തായ ആശ്വാസമേകാൻ അധിക സെസും സർചാർജും കേന്ദ്രം അടിയന്തരമായി പിൻവലിക്കണം–- പിബി യോഗം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News