നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്തിരിയില്ല; ഡല്‍ഹി-യുപി അതിര്‍ത്തിയിലും കര്‍ഷകര്‍ തമ്പടിക്കുന്നു

ഫോട്ടോ: കെ എം വാസുദേവന്‍


ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരുമായി വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടക്കാനിരിക്കെ കര്‍ഷകപ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു. മൂന്ന് കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണമെന്ന ആവശ്യം നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരാന്‍    അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി വര്‍ക്കിങ് ഗ്രൂപ്പും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള സംയുക്ത സമരസമിതി നേതാക്കളും തമ്മില്‍ നടത്തിയ കൂടിയാലോചനയില്‍ തീരുമാനിച്ചു. കുട്ടികളും സ്ത്രീകളും വയോധികരും അടക്കം ലക്ഷക്കണക്കിനു പേര്‍ കൊടുംതണുപ്പില്‍ ദിവസങ്ങളായി തെരുവില്‍ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.ഡിസംബര്‍ അഞ്ചിനു പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അംബാനി, അദാനി അടക്കമുള്ള  കോര്‍പറേറ്റ് വമ്പന്മാരുടെയും കോലങ്ങള്‍ രാജ്യവ്യാപകമായി കത്തിക്കാന്‍ തീരുമാനിച്ചു.     നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന് സംയുക്തസമരസമിതി നേതാവ് ഡോ. ദര്‍ശന്‍ പാല്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് അദ്ദേഹം സിന്‍ഘുവില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച സര്‍ക്കാരിനു നല്‍കുന്ന അവസാന ദിവസമാണെന്ന് ലോക് സംഘര്‍ഷ് മോര്‍ച്ച നേതാവ് പ്രതിഭ ഷിന്‍ഡെ പറഞ്ഞു. പഞ്ചാബില്‍നിന്നുള്ള കായികതാരങ്ങള്‍ പ്രതിഷേധസൂചകമായി ദേശീയ ബഹുമതികള്‍ മടക്കിനല്‍കി. ഡല്‍ഹി-യുപി അതിര്‍ത്തിയിലും കര്‍ഷകര്‍ തമ്പടിക്കുന്നു ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശില്‍നിന്ന് ആയിരക്കണക്കിനു കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നതോടെ നോയിഡയും പ്രക്ഷുബ്ധമായി.  ഡല്‍ഹി--നോയിഡ അതിര്‍ത്തിയിലെ ഗൗതം ബുദ്ധ് നഗര്‍ പ്രവേശനകവാടത്തില്‍  കര്‍ഷകര്‍ സമരകേന്ദ്രം തുറന്നു. ആയിരക്കണക്കിനു കര്‍ഷകര്‍ ഇവിടെയും കേന്ദ്രീകരിച്ചു.   നോയിഡ--ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ്വേയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്ന്  ഡിഎന്‍ഡി ഫ്ളൈവേ പൊലീസ് അടച്ചു. ഡല്‍ഹിയുടെയും ഉത്തര്‍പ്രദേശിന്റെയും മറ്റൊരു അതിര്‍ത്തിയായ ഗാസിപുരിലും കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്നു. വന്‍തോതില്‍ കര്‍ഷകര്‍ എത്തുന്നതിനാല്‍ പൊലീസിന്റെ സന്നാഹവും വിപുലമാക്കി. ദ്രുതകര്‍മസേനയെയും നിയോഗിച്ചു.   Read on deshabhimani.com

Related News