ഡല്‍ഹിയിലെ സമരവേദിയില്‍ ഒരിക്കല്‍പോലും ഇറങ്ങാതെ കേരളത്തില്‍ ട്രാക്ടര്‍ റാലിക്ക് രാഹുല്‍



ന്യൂഡല്‍ഹി > ഡല്‍ഹിയിലെ കര്‍ഷകപ്രക്ഷോഭവേദിയിലേക്ക് ഒരിക്കല്‍പോലും കടന്നുചെല്ലാത്ത രാഹുല്‍ ഗാന്ധി എംപി, പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമറിയിക്കാന്‍ കേരളത്തില്‍ ട്രാക്ടര്‍ റാലിക്ക് ഇറങ്ങുന്നു. ആറ് മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തിയില്‍ കൊടുമ്പിരികൊള്ളുന്ന കര്‍ഷകപ്രക്ഷോഭവേദിയിലേക്ക് രാഹുല്‍ തിരിഞ്ഞുനോക്കിയിട്ടില്ല. കേന്ദ്രത്തിന്റെ കര്‍ഷകവിരുദ്ധ ബില്ലുകള്‍ക്കെതിരെ  കേരളത്തില്‍വന്ന് ട്രാക്ടറോടിക്കുന്നതെന്തിനെന്ന ചോദ്യമുയരുന്നു. ഡല്‍ഹിയിലോ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലോ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസോ പോഷകസംഘടനകളോ സജീവമല്ല. അഖിലേന്ത്യാ കിസാന്‍സഭ നേതാക്കളും പ്രവര്‍ത്തകരും പ്രക്ഷോഭത്തിന്റെ തുടക്കംമുതല്‍ സമരരംഗത്തുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെ കിസാന്‍സഭ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തി  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍  ട്രാക്ടര്‍റാലി നടത്തിയതും രാജസ്ഥാനില്‍ കിസാന്‍മഹാപഞ്ചായത്തില്‍ പങ്കെടുത്തതും മാത്രമാണ് കര്‍ഷകപ്രക്ഷോഭത്തിനുള്ള രാഹുലിന്റെ പിന്തുണ. കര്‍ഷകപ്രക്ഷോഭം മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ രാഹ--ുല്‍ ഇറ്റലിയില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ടൂര്‍ പോയി. ഇതോടെ രാഹുലിനെതിരെ  കര്‍ഷകനേതാക്കള്‍ രം?ഗത്തെത്തി. 'രാഹുല്‍ ഒരിക്കല്‍പോലും കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്ന സ്ഥലം സന്ദര്‍ശിക്കുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല'- ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രമേശ് ടിക്കായത്ത് ചൂണ്ടിക്കാട്ടി. പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ഖലിസ്ഥാന്‍ ഭീകരരെന്നും രാജ്യദ്രോഹികളെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അവഹേളിച്ചപ്പോഴും രാഹുല്‍  പ്രതികരിച്ചില്ല. അന്താരാഷ്ട്രതലത്തില്‍നിന്ന് കര്‍ഷകപ്രക്ഷോഭത്തിന് വലിയ പിന്തുണ ഉണ്ടായപ്പോള്‍ 'ഇത് ഞങ്ങളുടെ ആഭ്യന്തരവിഷയമാണ്. ഞങ്ങള്‍ പരിഹരിച്ചുകൊള്ളാം'  - എന്ന അപക്വമായ പ്രതികരണവും രാഹുലില്‍നിന്നുണ്ടായി. Read on deshabhimani.com

Related News