ബിജെപി തോൽക്കണം ; ലഖ്‌നൗ കിസാൻ മഹാപഞ്ചായത്ത്‌ ആഹ്വാനം



ലഖ്‌നൗ കർഷകരുടെ വിളകൾക്ക്‌ ന്യായമായ മിനിമം താങ്ങുവില(എംഎസ്‌പി) ലഭിക്കണമെങ്കിൽ ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കണമെന്ന്‌ ലഖ്‌നൗവിൽ ചേർന്ന കിസാൻമഹാപഞ്ചായത്തിൽ ആഹ്വാനം. കർഷകർ വീണ്ടും വഞ്ചിക്കപ്പെടാതിരിക്കാൻ യുപിയിൽ ബിജെപിക്ക്‌ രാഷ്ട്രീയപ്രഹരം നൽകണമെന്ന്‌ അഖിലേന്ത്യാ കിസാൻസഭ അധ്യക്ഷൻ ഡോ. അശോക്‌ ധാവ്‌ളെ പറഞ്ഞു. ലഖ്‌നൗവിലെ ഇക്കോ പാർക്കിൽ ചേർന്ന മഹാപഞ്ചായത്തിൽ ലക്ഷത്തോളം പേർ പങ്കെടുത്തു. കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ചയാണ്‌ മഹാപഞ്ചായത്ത്‌ സംഘടിപ്പിച്ചത്‌. ലഖിംപുർ ഖേരി കര്‍ഷക കൂട്ടക്കൊലയ്‌ക്ക്‌ ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌ മിശ്രയെ അറസ്‌റ്റു ചെയ്യാനും മന്ത്രിസഭയിൽനിന്ന്‌ നീക്കാനും പ്രധാനമന്ത്രി തയ്യാറാകണമെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ വക്താവ്‌ രാകേഷ്‌  ടിക്കായത്ത്‌ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബിജെപിയെ ജനം ശിക്ഷിക്കും–ടിക്കായത്ത്‌ പറഞ്ഞു. ഒന്നും രണ്ടും യുപിഎ സർക്കാരും ഒന്നും രണ്ടും മോദിസർക്കാരും എംഎസ്‌പി വിഷയത്തിൽ കർഷകരെ വഞ്ചിച്ചുവെന്ന്‌ അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു. എംഎസ്‌പിക്കുവേണ്ടി 2004 മുതൽ കർഷകർ സമരത്തിലാണ്‌. ആദായകരമായ താങ്ങുവില ശുപാർശ ചെയ്‌ത്‌ ഡോ. സ്വാമിനാഥൻ കമീഷൻ 2006ൽ റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതുവരെയും നടപ്പായിട്ടില്ല. കേന്ദ്രനയങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ കർഷകരും തൊഴിലാളികളും തൊഴിൽരഹിതരായ യുവജനങ്ങളും ഒന്നിക്കണമെന്ന്‌ ഹന്നൻ മൊള്ള ആഹ്വാനംചെയ്‌തു. ചെങ്കൊടി പാറി ഗ്രാമങ്ങളിൽനിന്ന്‌ ചെങ്കൊടികളുമായി എത്തിയ ആയിരക്കണക്കിനു കർഷകർ കിസാൻ മഹാപഞ്ചായത്തിന്‌ ആവേശം പകർന്നു. യുപിയിലെ ഗ്രാമങ്ങളിൽ അഖിലേന്ത്യാ കിസാൻസഭയ്‌ക്കും കർഷകത്തൊഴിലാളി യൂണിയനും ശക്തമായ സ്വാധീനമുണ്ടെന്ന്‌ വ്യക്തമാക്കുന്ന പങ്കാളിത്തമാണ്‌ മഹാപഞ്ചായത്തിൽ പ്രകടമായത്‌. സിഐടിയു പ്രവർത്തകരും സംഘാടനത്തിൽ സജീവമായിരുന്നു. കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, ഉത്തർപ്രദേശ്‌ സംസ്ഥാന സെക്രട്ടറി മുകുൾ സിങ്‌, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പ്രേംനാഥ്‌, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വ്രജ്‌ലാൽ ഭാരതി എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News