കർഷകസമരത്തിന് ശക്തമായ പിന്തുണ; വിവിധ രാഷ്ട്രീയ പാർടികൾ പ്രമേയം പാസാക്കി



ന്യൂഡൽഹി > കർഷകസമരത്തിന്‌ പിന്തുണ അറിയിച്ച്‌ ഡൽഹിയിൽ വിവിധ രാഷ്ട്രീയ പാർടികൾ യോഗംചേർന്ന്‌ പ്രമേയം പാസാക്കി. കർഷകരെ ദ്രോഹിക്കുന്നതും കോർപറേറ്റുകളെ സഹായിക്കുന്നതുമായ കാർഷിക നിയമങ്ങൾ കേന്ദ്രം പൂർണമായും പിൻവലിക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ആർഎസ്‌പി, ഫോർവേഡ്‌ ബ്ലോക്ക്‌, സിജിപിഐ തുടങ്ങിയ പാർടികളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, കെ നാരായണ (സിപിഐ), കവിത കൃഷ്‌ണൻ (സിപിഐ എംഎൽ) തുടങ്ങിയവർ സംസാരിച്ചു. കർഷകസമരം പഞ്ചാബിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമാണെന്നും യെച്ചൂരി പറഞ്ഞു. ഡൽഹിയിലെ സമരകേന്ദ്രങ്ങളിലേക്ക്‌ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന്‌ കർഷകർ എത്തുകയാണ്‌. സമരത്തെക്കുറിച്ച്‌ സർക്കാർ തെറ്റിദ്ധാരണകൾ പരത്തുകയാണ്‌. പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കണം. കർഷകസമരം പാർലമെന്റ്‌ ചർച്ച ചെയ്യണമെന്നും യെച്ചൂരി പറഞ്ഞു. പാർലമെന്ററി നടപടിക്രമങ്ങൾ അട്ടിമറിച്ചാണ്‌ കാർഷിക നിയമങ്ങൾ മോഡി സർക്കാർ പാസാക്കിയതെന്ന്‌ ബൃന്ദ പറഞ്ഞു. ഡൽഹിയിലെ രാഷ്ട്രീയ പാർടികൾ ഒറ്റക്കെട്ടായി സമരത്തിലുള്ള കർഷകർക്ക്‌ പിന്തുണ നൽകണമെന്നും ബൃന്ദ പറഞ്ഞു. Read on deshabhimani.com

Related News