തുടർപ്രക്ഷോഭങ്ങൾക്ക്‌ ശക്തി സംഭരിച്ച്‌ കർഷകർ



ന്യൂഡൽഹി ഐതിഹാസികമായ കർഷകപ്രക്ഷോഭത്തിലെ മുഖ്യ ആവശ്യം നേടിയതിന്റെ വാർഷികം ശനിയാഴ്‌ച ആഘോഷിക്കുമ്പോൾ രാജ്യത്തെ കർഷകരുടെ അടിസ്ഥാനപരമായ ആവശ്യം നേടിയെടുക്കാനുള്ള പോരാട്ടകാഹളവും മുഴങ്ങുന്നു. കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾ പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്‌ കഴിഞ്ഞവർഷം നവംബർ 19നാണ്‌. മിനിമം താങ്ങുവില നിയമപരമാക്കുമെന്നും വൈദ്യുതിനിയമ ഭേദഗതി ബിൽ പിൻവലിക്കുമെന്നും പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ സംയുക്ത കിസാൻമോർച്ചയ്‌ക്ക്‌ സർക്കാർ ഉറപ്പ്‌ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സമരം നിർത്തിവച്ചത്‌. എന്നാൽ, അവസാനം നൽകിയ രണ്ട്‌ ഉറപ്പും സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. തൊഴിലാളി  സംഘടനകളും സംയുക്ത കിസാൻ മോർച്ചയും ചേർന്ന്‌ ആഹ്വാനം ചെയ്‌ത പണിമുടക്കിന്റെയും ഡൽഹി ചലോ മാർച്ചിന്റെയും ഭാഗമായാണ്‌ 2020 നവംബർ 26ന്‌ കർഷകർ ഡൽഹിയിലേക്ക്‌ നീങ്ങിയത്‌. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്‌ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളാണ്‌ ഐതിഹാസിക കർഷകപ്രക്ഷോഭത്തിന്‌ വഴി തെളിച്ചത്‌.  ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി ഓർഡിനൻസിനെതിരായ 2015ലെ പ്രക്ഷോഭം, മഹാരാഷ്‌ട്രയിലെ ലോങ്‌മാർച്ച്‌, രാജസ്ഥാൻ സീക്കറിലെ കർഷകമഹാപടാവ്‌ എന്നീ പ്രക്ഷോഭങ്ങളെല്ലാം പൂർണ വിജയമായി. ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി നീക്കം കേന്ദ്രം ഉപേക്ഷിച്ചു. മഹാരാഷ്‌ട്രയിൽ 38,000 കോടി രൂപയുടെയും രാജസ്ഥാനിൽ 26,000 കോടി രൂപയുടെയും കാർഷികകടങ്ങൾ എഴുതിത്തള്ളി. Read on deshabhimani.com

Related News