കൃഷിസ്ഥലം കൈക്കലാക്കുന്നു: തെലങ്കാനയിൽ കിറ്റക്‌സിനെതിരെ കർഷക പ്രതിഷേധം



ഹൈദരാബാദ്‌> തെലങ്കാനയിൽ കിറ്റക്‌സിനായി ഭൂമി ഏറ്റെടുക്കുന്നതിന്‌ എതിരെ കർഷകരുടെ പ്രതിഷേധം. വാറങ്കൽ ജില്ലയിലെ ശയാംപേട്ട് ഹവേലിയിൽ വസ്‌ത്രനിർമാണ യൂണിറ്റിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതിന്‌ എതിരെയാണ്‌ കർഷകർ വൻ പ്രതിഷേധവുമായി രംഗത്തെത്തിയത്‌. വ്യവസായ സൗഹൃദമല്ലെന്ന്‌ ആരോപിച്ച്‌ കേരളം വിട്ട കിറ്റക്‌സ്‌ തെലങ്കാനയിലെ ഗീസുഗൊണ്ട, സംഗേം മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാകതീയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിൽ വസ്‌ത്രനിർമാണ യൂണിറ്റ്‌ ആരംഭിച്ചിരുന്നു. 187 ഏക്കറാണ്‌ കിറ്റക്‌സിന്‌ സർക്കാർ നൽകിയത്‌. എന്നാൽ, ഇത്‌ വാസ്തു പ്രകാരമല്ലെന്നും കോമ്പൗണ്ട് ഭിത്തികെട്ടി സ്ഥലം പുനക്രമീകരിക്കാൻ 13.29 ഏക്കർ കൂടി അനുവദിക്കണമെന്നും കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടു.   കിറ്റക്‌സ്‌ ആവശ്യപ്പെട്ട സ്ഥലം കർഷകരുടെ കൃഷിഭൂമിയാണ്‌. ഇത്‌ അളക്കാൻ അധികൃതർ എത്തിയതോടെയാണ്‌ പ്രതിഷേധം. ഏക്കറിന്‌ 50 ലക്ഷം വിലവരുന്ന സ്ഥലം സർക്കാരും കിറ്റക്‌സും ചേർന്ന്‌ 10 ലക്ഷത്തിന്‌ കൈക്കലാക്കാൻ ശ്രമിക്കുകയാണെന്ന്‌ കർഷകർ പറയുന്നു. ശനിയാഴ്‌ച വൻ പൊലീസ്‌ സന്നാഹവുമായി എത്തി അധികൃതർ സർവേ നടത്തി.  ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകരെ അറസ്റ്റുചെയ്‌ത്‌ നീക്കിയായിരുന്നു സർവേ. Read on deshabhimani.com

Related News