മെഡലുകൾ ഗംഗയിലൊഴുക്കിയില്ല: ​ഗുസ്‌തി താരങ്ങളെ പിൻതിരിപ്പിച്ച്‌ കർഷകർ



ന്യൂഡൽഹി> നേടിയ മെഡലുകൾ ഹരിദ്വാറിലെ ഗംഗാ നദിയിൽ ഒഴുക്കാനെത്തിയ ഗുസ്‌തി താരങ്ങളെ പിൻതിരിപ്പിച്ച്‌ ചേർത്തുനിർത്തി കർഷക ഭാരതം. നീതിനിഷേധിക്കപ്പെട്ട, തെരുവിൽ പൊലീസിന്റെ ക്രൂരമർദ്ദനത്തിന്‌  വിധേയരായ സാക്ഷി മലിക്കടക്കമുള്ളവരാണ്‌  ഒളിമ്പിക്‌സ്‌ മെഡലടക്കം പ്രതിഷേധ സൂചകമായി ഗംഗയിൽ ഒഴുക്കാൻ എത്തിയത്‌. അവസാന നിമിഷം കേന്ദ്രസർക്കാർ  താരങ്ങളെ പിൻതിരിപ്പിക്കാനെത്തുമെന്ന്‌ കരുതിയെങ്കിലും ആരുമെത്തിയില്ല. മെഡൽ നേടിയെപ്പൊൾ ഒപ്പം ഫോട്ടോയെടുത്ത്‌ ആഘോഷിച്ച മോദിയും സംഘവും സർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ തിമിർപ്പിൽ ലയിച്ചിരുന്നു. പകരം ഗംഗാ തീരത്ത്‌ കണ്ണീർവറ്റിയ മുഖവുമായി നെഞ്ചിൽ മെഡലുകൾ ചേർത്ത്‌ പിടിച്ച്‌  തളർന്നിരുന്ന രാജ്യത്തിന്റെ പെൺമക്കളെ മണ്ണിൽ പണിയെടുക്കുന്നവരുടെ കർഷക കരങ്ങൾ ഗ്രഹിച്ചു. രാത്രി ഏഴരയോടെ മെഡലുകൾ ഏറ്റുവാങ്ങിയ നരേഷ്‌ ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള കർഷക നേതാക്കൾ താരങ്ങളെ ആശ്വസിപ്പിച്ച്‌ പിന്തിരിപ്പിച്ചു. രണ്ടരമണിക്കൂറാണ്‌ ദസറ ദിനത്തിൽ ഗംഗ തീരത്തെ ഹർ കി പൗരി ധർമ സമരവേദിയായത്‌. ലൈംഗീകാതിക്രമം നടത്തിയ   ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷണെതിരെ ഒരു മാസത്തിലേറെയായി സമരം തുടരുന്ന സാക്ഷി മലിക്ക്‌, വിനേഷ്‌ ഫോഗട്ട്‌, സംഗീത ഫോഗട്ട്‌, ബജ്‌റംഗ്‌ പൂനിയ തുടങ്ങിയ താരങ്ങൾ ചൊവ്വ ഉച്ചയോടെയാണ്‌ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. ‘ജീവനും ആത്മാവുമായ മെഡലുകൾ തിരിച്ചുനൽകിയാൽ ഞങ്ങൾക്ക്‌ ഇനി ജീവിതമില്ല.അത്‌ സ്വയം കൊല്ലുന്നതിന്‌ തുല്യമാണ്‌’– ഹരിദ്വാറിലേയ്‌ക്ക്‌ പുറപ്പെടും മുമ്പ്‌ സാക്ഷിയുടെ വാക്കുകൾ. വൈകുന്നേരത്തോടെ  ഹരിദ്വാറിലെത്തിയ താരങ്ങളെ തടയില്ലന്നായിരുന്നു പൊലീസ്‌ നിലപാട്‌. ആരും ക്ഷണിക്കാതെ ഗംഗ തീരത്തുയർന്ന  ദേശീയ പതാകയുടെ കീഴിൽ ആയിരങ്ങൾ ഒത്തുചേർന്നു.  നെഞ്ചിൽ ചേർത്ത്‌ പിടിച്ച റിയോ ഒളിമ്പക്‌സ്‌ വെങ്കല മെഡലിൽ  തുടരെ മുത്തം  നൽകിയ സാക്ഷി  ഒടുവിൽ പൊട്ടിക്കരഞ്ഞു, അവർക്കൊപ്പം രാജ്യവും. അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ട ‘ ഭാരത്‌ മാതാ കീ ജയ്‌’ വിളികളിൽ കണ്ണീരിന്റെ  ഉപ്പ്‌ വിങ്ങിനിന്നു.  വെള്ളത്തുണിയിൽ പൊതിഞ്ഞ മെഡലുകൾ നേതാക്കൾ ഏറ്റുവാങ്ങിയപ്പോൾ എങ്ങും ആശ്വാസത്തിന്റെയും രോഷത്തിന്റെയും നെടുവീർപ്പ്‌. ബ്രിജ്‌ഭൂഷണെ അറസ്‌റ്റ്‌ ചെയ്യാൻ അഞ്ചുദിവസത്തെ അന്ത്യശാസനമാണ്‌ നൽകിയിരിക്കുന്നത്‌.  ഇന്ത്യഗേറ്റിൽ മരണം വരെ നിരഹാരസമരവും താരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും സംയുക്ത  കർഷകത്തൊഴിലാളി സംഘടനകളും ജൂൺ ഒന്നിന്‌ രാജ്യവ്യപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്‌തു. Read on deshabhimani.com

Related News