കർഷകദ്രോഹത്തിന്‌‌ കോൺഗ്രസ്‌ ഒത്താശ; ബിൽ ഇന്ന്‌ രാജ്യസഭയിൽ



ന്യൂഡൽഹി > കർഷകദ്രോഹബില്ലുകൾ തിരക്കിട്ട്‌ പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാരുമായി കോൺഗ്രസ്‌ ഒത്തുകളിക്കുന്നു. ബില്ലിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനുള്ള ഒരുശ്രമവും കോൺഗ്രസിന്റെ ഭാഗത്തുനിന്നില്ല.  മൂന്ന്‌ ബില്ലും  വിശദപരിശോധനയ്ക്കായി‌ സെലക്ട്‌ കമ്മിറ്റിക്ക്‌ അയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  രാജ്യസഭയിൽ  ഇടതുപക്ഷ അംഗങ്ങൾ നോട്ടീസ്‌ നൽകി‌.  ബില്ലുകൾ ഞായറാഴ്‌ച പാസാക്കാൻ  കഠിനപ്രയത്നത്തിലാണ്‌ സർക്കാർ. പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുനിന്നാൽ രാജ്യസഭയിൽ ബിൽ പാസാകാൻ സർക്കാർ വിയർപ്പൊഴുക്കേണ്ടിവരും. മുഖ്യ പ്രതിപക്ഷമെന്ന നിലയിൽ മറ്റ്‌ പാർടികളെ ഒന്നിച്ചണിനിരത്തുന്നില്ലെന്നു മാത്രമല്ല, പരമാവധി അംഗങ്ങളെ സഭയിൽനിന്ന്‌ മാറ്റിനിർത്തി‌ സർക്കാരിന്‌ കാര്യങ്ങൾ എളുപ്പമാക്കാനാണ്‌ കോൺഗ്രസ്‌ നീക്കം. പി ചിദംബരം അടക്കമുള്ള കോൺഗ്രസ്‌ പ്രമുഖർ ഞായറാഴ്‌ച സഭയിൽ എത്തില്ലെന്ന്‌ അറിയിച്ചു. കോൺഗ്രസിന്റെ  25 എംപിമാരെങ്കിലും ഹാജരാകില്ല. ലോക്‌സഭയിൽ ശബ്ദവോട്ടോടെയാണ്‌ ബില്ലുകൾ പാസാക്കിയത്‌. ഭേദഗതികൾ അവതരിപ്പിച്ച്‌ വോട്ടെടുപ്പ്‌ ആവശ്യപ്പെടാൻ കോൺഗ്രസ്‌ തയ്യാറായില്ല.  രാജ്യസഭയിൽ എൻഡിഎയ്‌ക്ക്‌ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ ബില്ലുകൾ വിശദപരിശോധനയ്‌ക്ക്‌ വിടണമെന്ന ആവശ്യം അംഗീകരിപ്പിക്കാനാകും. ഡിഎംകെ, ടിഎംസി, എസ്‌പി, ആർജെഡി, എസ്‌‌എഡി,  എഎപി പാർടികൾ ‌ ബില്ലുകളെ എതിർക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌‌. ബിജെഡി, ടിആർഎസ്‌, വൈഎസ്‌ആർ കോൺഗ്രസ്‌ എന്നീ പാർടികളെ സ്വാധീനിക്കാനാണ്‌ സർക്കാർ ശ്രമം. മന്ത്രിമാർ എംപിമാരെ നേരിട്ട്‌ വിളിച്ച്‌ സംസാരിക്കുന്നു.  കർഷകദ്രോഹബില്ലുകൾക്കെതിരെ എതിർപ്പ്‌ രേഖപ്പെടുത്തേണ്ടത്‌ ചരിത്രപരമായ ആവശ്യമാണെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷിനേതാവ്‌ എളമരം കരീം പറഞ്ഞു.   Read on deshabhimani.com

Related News