കര്‍ഷകരോഷം പടരുന്നു; പ്രതിഷേധം കൂടുതൽ സംസ്ഥാനങ്ങളിലേക്ക്‌



ന്യൂഡൽഹി > കർഷകദ്രോഹബില്ലുകൾക്കെതിരെ ഉയരുന്ന രോഷം ബിജെപിയെ രാജ്യവ്യാപകമായി  പ്രതിരോധത്തിലാക്കി. പഞ്ചാബ്‌, ഹരിയാന, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രതിഷേധം രാജ്യത്തെ മറ്റ്‌ ഭാഗങ്ങളിലേ‌ക്ക്‌ വ്യാപിച്ചു‌. മോഡിസർക്കാർ  കർഷകരെ വഞ്ചിച്ചെന്ന വികാരമാണ് കാര്‍ഷിക​ഗ്രാമങ്ങളില്‍. വിളകള്‍ക്കുള്ള താങ്ങുവില (എംഎസ്‌‌പി)  നിയമപരിഷ്‌‌കരണത്തോടെ ഇല്ലാതാകുമെന്ന്‌ കർഷകർ കരുതുന്നു. കോർപറേറ്റുകൾക്ക്‌  പരിധിയില്ലാതെ വിള സംഭരിക്കാൻ അനുമതി നൽകുന്ന മൂന്ന്‌ ബില്ലിലും താങ്ങുവിലയെ കുറിച്ച്‌  പരാമർശമില്ല. താങ്ങുവില തുടരുമെന്ന്  പ്രധാനമന്ത്രിയും ‌ ബിജെപി അധ്യക്ഷനും വാക്കാൽ പറയുന്നത്‌ വിശ്വസിക്കാനാകില്ലെന്ന് ‌അഖിലേന്ത്യാ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ വി എം സിങ്‌ ചൂണ്ടിക്കാട്ടി. എഫ്‌സിഐ സംഭരണത്തിൽ ഏറിയപങ്കും നടക്കുന്ന പഞ്ചാബ്‌, ഹരിയാന, ഉത്തർപ്രദേശ്‌ സംസ്ഥാനങ്ങളിലെ കർഷകർക്കാണ്‌ ‌ നിയമപരിഷ്‌കാരങ്ങളുടെ അപകടം പെട്ടന്ന്‌ ബോധ്യമായത്‌. പഞ്ചാബിലും ഹരിയാനയിലും എൻഡിഎ സഖ്യകക്ഷികൾ ബില്ലുകൾക്കെതിരെ രംഗത്തുവന്നു. തെലങ്കാന, മഹാരാഷ്ട, ഒഡിഷ, ബിഹാർ, ആന്ധ്രപ്രദേശ്‌, മധ്യപ്രദേശ്‌, പശ്‌ചിമബംഗാൾ, തമിഴ്‌നാട്‌, കർണാടക, ജാർഖണ്ഡ്‌ എന്നിങ്ങനെ കാർഷികസമ്പദ്‌ഘടന പ്രബലമായ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം പടരുന്നു. ഉപഭോക്താക്കൾക്കും  പൊതുവിതരണ സമ്പ്രദായത്തിനും ഹാനികരമായ ബില്ലുകൾ കോർപറേറ്റുകൾക്കുമാത്രമാണ്‌ നേട്ടമെന്ന്‌ കർഷകനേതാക്കൾ വിശദീകരിക്കുന്നു. സെപ്‌തംബർ 25നു നടക്കുന്ന അഖിലേന്ത്യാ പ്രതിഷേധം നിർണായകമാകും. നിയമസഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായ ബിഹാറി നിതീഷ്‌കുമാർ സർക്കാരിനെതിരെ ജനരോഷം ശക്തമാണ്‌. കര്‍ഷകപ്രതിഷേധം ശക്തിയാര്‍ജിക്കുമ്പോള്‍ ജെഡിയു–-ബിജെപി സഖ്യത്തിന്റെ നില പരുങ്ങലിലാകും. ശിവസേന, തെലുഗുദേശം എന്നീ സഖ്യകക്ഷികളെ നഷ്ടപ്പെട്ട ബിജെപിക്ക്‌ രണ്ട്‌ സംസ്ഥാനങ്ങളിൽ അധികാരപങ്കാളിത്തം ഇല്ലാതായി. പഞ്ചാബിൽ 2022ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ടിവരും.  അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട പശ്‌ചിമബംഗാൾ, തമിഴ്‌നാട്‌, അസം, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും കർഷകദ്രോഹം ബിജെപിക്ക്‌ തിരിച്ചടിയാകും. Read on deshabhimani.com

Related News