ഇപിഎഫ്‌ഒ കേസ്‌ : നിയന്ത്രണം പെൻഷൻ പദ്ധതി 
സംരക്ഷിക്കാനെന്ന്‌ കേന്ദ്രം



ന്യൂഡൽഹി എംപ്ലോയീസ്‌ പെൻഷൻ പദ്ധതി ഭാവിയിലും നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ 2014ലെ ഭേദഗതികളിലൂടെ ചില നിയന്ത്രണം ഏർപ്പെടുത്തിയതെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. തെറ്റായ നിഗമനങ്ങളുടെയും മാധ്യമവാർത്തകളുടെയും മറ്റും അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി 2014ലെ ഭേദഗതികൾ റദ്ദാക്കിയ നടപടി പെൻഷൻ പദ്ധതിയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയെന്ന്‌ തൊഴിൽമന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത്‌ ബാനർജി വാദിച്ചു. സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ സഹായിക്കുക എന്നതാണ്‌ പെൻഷൻ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യം. കേന്ദ്ര ധനമന്ത്രാലയവും തൊഴിൽമന്ത്രാലയവും കൂടിയാലോചിച്ചാണ്‌ 2014 ഭേദഗതികൾ കൊണ്ടുവന്നത്‌. ഈ ഭേദഗതികൾ റദ്ദാക്കുന്നതിനുള്ള കൃത്യമായ കാരണങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഭരണഘടനയുടെ 14–-ാം അനുച്ഛേദം അനുസരിച്ചുള്ള അവകാശങ്ങൾ നിഷേധിച്ചെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഹൈക്കോടതി ഭേദഗതി റദ്ദാക്കിയതെന്ന്‌ ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ച്‌ പ്രതികരിച്ചു. ഉയർന്ന പെൻഷൻ അനുവദിക്കുന്നത്‌ പദ്ധതിയുടെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്നത്‌ എങ്ങനെ? പെൻഷൻ പദ്ധതിയും പ്രോവിഡന്റ്‌ ഫണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെ? പദ്ധതി കാര്യക്ഷമമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾ–- തുടങ്ങിയ വിഷയങ്ങളിൽ സുപ്രീംകോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. ശമ്പളത്തിന്‌ ആനുപാതികമായി ഉയർന്ന പെൻഷന്‌ വഴിയൊരുക്കിയ ഹൈക്കോടതി ഉത്തരവുകൾക്കെതിരെ ഇപിഎഫ്‌ഒയും തൊഴിൽമന്ത്രാലയവുമാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഈ കക്ഷികളുടെ വാദങ്ങൾ പൂർത്തിയായി. വിവിധ തൊഴിലാളി സംഘടനകളുടെ അഭിഭാഷകർ ഹാജരായി അപ്പീലിനെ എതിർക്കും.  വ്യാഴാഴ്‌ച വാദങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട കക്ഷികൾ പരമാവധി ശ്രമിക്കണമെന്ന്‌ ജസ്റ്റിസ്‌ യു യു ലളിത്‌ ആവശ്യപ്പെട്ടു. വാദം പൂർത്തിയാക്കിയാൽ നിർണായക വിഷയത്തിൽ കോടതി ഉടൻ വിധി പറഞ്ഞേക്കും. കേസിന്റെ വിധി കാത്ത്‌ ലക്ഷക്കണക്കിന്‌ തൊഴിലാളികളാണ്‌ ആകാംക്ഷയോടെ കാത്തിരിക്കുന്നത്‌. Read on deshabhimani.com

Related News