തൊഴിൽനിയമം പരിഷ്കരിക്കാൻ പുതിയ ബിൽ



ന്യൂഡൽഹി > തൊഴിൽ, വ്യവസായബന്ധ നിയമങ്ങൾ പരി‌ഷ‌്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ വീണ്ടും സജീവമാക്കി. നിലവിലുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ പുതിയ ബിൽ കൊണ്ടുവരാൻ ആഭ്യന്തരമന്ത്രി അമിത‌് ഷായുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതലസമിതി തീരുമാനിച്ചു. നിക്ഷേപം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ തൊഴിൽനിയമങ്ങളിൽ സമൂലമാറ്റം വരുത്താൻ കഴിഞ്ഞ മോഡി സർക്കാർ തീരുമാനിച്ചിരുന്നു. കോർപറേറ്റ‌് പ്രീണന പരിഷ‌്കാരങ്ങൾക്കെതിരെ ട്രേഡ‌് യൂണിയനുകളും ഇടതുപക്ഷം അടക്കം രാഷ്ട്രീയപാർടികളും ശക്തമായി രംഗത്തുവന്നതോടെ നീക്കം മന്ദഗതിയിലാക്കി. വീണ്ടും അധികാരത്തിലെത്തിയതോടെ സർക്കാർ തിരക്കിട്ട‌് നീങ്ങുകയാണ‌്. മന്ത്രിതലസമിതി യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ, തൊഴിൽമന്ത്രി സന്തോഷ‌് ഗങ‌്‌വർ, വാണിജ്യമന്ത്രി പിയൂഷ‌് ഗോയൽ എന്നിവരും പങ്കെടുത്തു. വേതനം, സാമൂഹ്യസുരക്ഷ, വ്യവസായസുരക്ഷ, തൊഴിലാളി ക്ഷേമം, വ്യവസായബന്ധം എന്നീ മേഖലകളിലെ 44 നിയമങ്ങൾ ഏകോപിപ്പിക്കുമെന്നാണ‌് സർക്കാർ പറയുന്നത‌്. ചില നിയമങ്ങൾ റദ്ദാക്കും. ഈ വിഷയത്തിൽ തൊഴിലാളിയൂണിയനുകളുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന‌് തൊഴിൽമന്ത്രി പറഞ്ഞു. അതേസമയം, പരിഷ‌്കാരങ്ങളുടെ പൂർണരൂപം ട്രേഡ‌് യൂണിയനുകളുടെ മുന്നിൽ അവതരിപ്പിച്ചിട്ടില്ലെന്ന‌് സിഐടിയു അഖിലേന്ത്യാ വൈസ‌് പ്രസിഡന്റ‌് എ കെ പത്മനാഭൻ പ്രതികരിച്ചു. എന്താണ‌് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന‌് തൊഴിലാളികളോട‌് പറയേണ്ടതും തൊഴിലാളികളുടെ അഭിപ്രായം പരിഗണിക്കേണ്ടതും സർക്കാരിന്റെ  കടമയാണ‌്. മുൻ സർക്കാരിന്റെ കാലത്ത‌് ഏകപക്ഷീയമായി നീങ്ങാൻ ശ്രമിച്ചു. അതുകൊണ്ടുകൂടിയാണ‌് കഴിഞ്ഞ ജനുവരി എട്ടിനും ഒമ്പതിനും ട്രേഡ‌് യൂണിയനുകൾ രാജ്യവ്യാപകമായ പണിമുടക്ക‌് നടത്തിയത‌്. മുൻ സർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലുകൾ തൊഴിൽമന്ത്രാലയത്തിന്റെ സ്റ്റാൻഡിങ‌് കമ്മിറ്റിക്ക‌് വിട്ടപ്പോൾ അവിടെയും പരിഷ‌്കാരങ്ങളോട‌് വിയോജിപ്പുണ്ടായി. ഇപ്പോൾ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ അന്തിമരൂപം വ്യക്തമാക്കണമെന്നും എ കെ പി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News