ആനകളുടെ കൈമാറ്റവും കടത്തും അനുവദിച്ചുള്ള ബില്ലിന്‌ ലോക്‌സഭയുടെ അംഗീകാരം



ന്യൂഡൽഹി> ഉടമസ്ഥതാ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഉപാധികൾ പ്രകാരം നാട്ടാനകളുടെ കൈമാറ്റവും കടത്തും അനുവദിച്ചുള്ള വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്‌ ലോക്‌സഭയുടെ അംഗീകാരം. വനം- പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പാർലമെന്ററി സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുടെ മുന്നറിയിപ്പുകൾ പരിഗണിക്കണമെന്ന്‌ ചർച്ചയിൽ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ആനകളുടെ കൊടുക്കൽവാങ്ങലിനെ പ്രോത്‌സാഹിപ്പിക്കുന്നത്‌ ഉചിതമല്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേശിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്‌റ്റാൻഡിങ്‌ കമ്മിറ്റി മുന്നറിയിപ്പ്‌ നൽകിയിരുന്നു. ആചാരങ്ങളും സംരക്ഷണവും തമ്മിൽ ശ്രദ്ധാപൂർവ്വമായ സന്തുലനം ആവശ്യമാണെന്ന നിലപാടാണ്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി സ്വീകരിച്ചത്‌. ആചാരാനുഷ്‌ഠാനങ്ങളിൽ വലിയ പങ്ക്‌ വഹിക്കും വിധം പല സംസ്ഥാനങ്ങളിലെയും മത–- സാംസ്‌കാരിക കേന്ദ്രങ്ങൾക്ക്‌ സ്വന്തമായി ആനകളുണ്ടെന്ന വസ്‌തുതയുടെ കാര്യത്തിൽ ആഴത്തിലുള്ള തിരിച്ചറിവ്‌ സമിതിക്കുണ്ട്‌. എന്നാൽ കേന്ദ്ര ഉപാധികളുടെ അടിസ്ഥാനത്തിൽ ആനകളെ വിൽക്കാനും കൈമാറ്റം ചെയ്യാനുമുള്ള വ്യവസ്ഥകളോട്‌ പല സംസ്ഥാനങ്ങളും വന്യജീവി സംരക്ഷകരും ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ആനകളുടെ കൊടുക്കൽവാങ്ങലിന്‌ അനുമതി നൽകുന്നതിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിച്ചുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഇതിനായി സ്‌റ്റാൻഡിങ്‌ കമ്മിറ്റികൾക്ക്‌ രൂപം നൽകാൻ സംസ്ഥാന വന്യജീവി ബോർഡുകൾക്ക്‌ അനുമതി നൽകിയിട്ടുണ്ട്‌. സംരക്ഷിത വനങ്ങളുടെ മെച്ചപ്പെട്ട പരിപാലനവും കാലിമേയ്‌ക്കൽ, തദ്ദേശീയ സമൂഹങ്ങളുടെ ജലഉപയോഗം എന്നിവ അനുവദിച്ചുമുള്ള ഭേദഗതികളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്‌ വനം മന്ത്രി ഭൂപേന്ദ്ര യാദവ്‌ ബില്ലവതരണ വേളയിൽ പറഞ്ഞു.   Read on deshabhimani.com

Related News