വീണ്ടും ഇലക്ടറൽ 
ബോണ്ട് ഇറക്കുന്നു ; സംഭാവനയിൽ 
75-80 ശതമാനവും ബിജെപിക്ക്



ന്യൂഡൽഹി കർണാടക തെരഞ്ഞെടുപ്പ്‌ പശ്‌ചാതലത്തിൽ വൻ പണം സ്വരൂപിക്കാൻ വീണ്ടും ഇലക്ടറൽ ബോണ്ടുമായി മോദി സർക്കാർ. രാഷ്‌ട്രീയ പാർടികൾക്ക്‌ സംഭാവന നൽകാൻ കൊണ്ടുവന്ന  ഇലക്ടറൽ ബോണ്ടുകളുടെ 26–-ാം ഘട്ടം ഏപ്രിൽ ഒന്നുമുതൽ 12 വരെ വിൽക്കും. വിവിധ സംസ്ഥാനങ്ങളിലായി എസ്‌ബിഐയുടെ 29 ശാഖ വഴിയാണ്‌ ബോണ്ടുകൾ നൽകുക. വ്യക്തികളും സ്ഥാപനങ്ങളും വാങ്ങിനൽകുന്ന ബോണ്ടുകൾ രാഷ്‌ട്രീയ പാർടികൾക്ക്‌ പണമായി മാറ്റാം . ഈ സംവിധാനം  നിലവിൽ വന്നതുമുതൽ ഇതുവരെ 12,500 കോടിയിൽപ്പരം രൂപയുടെ ഇത്തരം ബോണ്ടുകളാണ്‌ വിറ്റുപോയത്‌. അഴിമതി നിയമപരമാക്കാനുള്ള സംവിധാനമാണ്‌ ഇലക്ടറൽ ബോണ്ടുകളെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം നൽകിയ ഹർജി സുപ്രീംകോടതി പരിഗണനയിലാണ്‌. നോട്ടുനിരോധനത്തിന്‌ തൊട്ടുപിന്നാലെയാണ്‌ നിയമഭേദഗതിവഴി ഇലക്ടറൽ ബോണ്ട്‌  കൊണ്ടുവന്നത്‌. 2017ൽ ധനനിയമം, ജനപ്രാതിനിധ്യനിയമം, വിദേശ സംഭാവന നിയന്ത്രണനിയമം, റിസർവ്‌ ബാങ്ക്‌ നിയമം, ആദായനികുതി നിയമം എന്ന തിരക്കിട്ട്‌ ഭേദഗതി ചെയ്‌താണ്‌ ഇതിനു കളമൊരുക്കിയത്‌. 1000, 10000, ലക്ഷം, 10 ലക്ഷം, കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകളാണ്‌ ഇറക്കുന്നത്‌. ഇവ ലഭിക്കുന്ന രാഷ്‌ട്രീയ പാർടികൾ 15 ദിവസത്തിനകം ബോണ്ടുകൾ ബാങ്കിൽ സമർപ്പിച്ച്‌ പണമാക്കി മാറ്റണം. കേരളത്തിൽ തിരുവനന്തപുരം എംജി റോഡ്‌ എസ്‌ബിഐ ശാഖയാണ്‌ ബോണ്ട്‌ വിൽക്കുന്നത്‌. ഈ  ബോണ്ടുകൾവഴി ഇതുവരെ ലഭിച്ച സംഭാവനയിൽ 75–-80 ശതമാനത്തോളം ബിജെപിക്കാണ്‌. സിപിഐ എം ഇവ  സ്വീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ആരിൽനിന്നൊക്കെ സംഭാവന ലഭിച്ചെന്ന്‌ രാഷ്‌ട്രീയകക്ഷികൾ വെളിപ്പെടുത്തേണ്ടതില്ലെന്നതാണ്‌ ഇലക്ടറൽ ബോണ്ട്‌ സംവിധാനത്തെ രാഷ്‌ട്രീയ അഴിമതിയുടെ പര്യായമായി വിശേഷിപ്പിക്കാനുള്ള മുഖ്യ കാരണം. Read on deshabhimani.com

Related News