വാഗ്‌ദാനത്തിന്‌ വിലക്ക് ; ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ



ന്യൂഡൽഹി രാഷ്ട്രീയ പാർടികളുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളും പ്രകടനപത്രികയും നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ.  വാഗ്‌ദാനങ്ങൾ രാഷ്ട്രീയ പാർടികൾ എങ്ങനെ നടപ്പാക്കുമെന്നതിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഏകീകൃത മാതൃക കൊണ്ടുവരാനാണ്‌ കമീഷന്റെ നീക്കം. ഗുജറാത്ത്‌, ഹിമാചൽ പ്രദേശ്‌ ഉൾപ്പെടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർടികൾ വാഗ്‌ദാനങ്ങൾ നൽകുന്നത്‌ തടഞ്ഞ്‌, ബിജെപിയെ സഹായിക്കാനുള്ള നീക്കമാണിതെന്ന്‌ ആരോപണം ഉയർന്നു. ഡൽഹിയിൽ ആം ആദ്‌മി പാർടി സർക്കാറും ഉൾപ്പെടെ ബിജെപി ഇതര സർക്കാരുകൾ നിരവധി സൗജന്യങ്ങൾ നൽകുന്നുണ്ട്‌. ഇതും ബിജെപിക്ക്‌ തിരിച്ചടിയാകുമെന്നു കണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷനെ മുൻനിർത്തി രാഷ്ട്രീയ പാർടികൾക്ക്‌ കൂച്ചുവിലങ്ങിടാൻ കേന്ദ്ര സർക്കാർ നീങ്ങുന്നത്‌. വിഷയത്തിൽ 19നുള്ളിൽ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേശീയ, സംസ്ഥാന പാർടികൾക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കത്ത്‌ നൽകി. ബന്ധപ്പെട്ട കേന്ദ്ര/സംസ്ഥാനസർക്കാരുകൾ ഏറ്റവും പുതിയ ബജറ്റ്‌ കണക്കുകൾ പ്രകാരമുള്ള സാമ്പത്തികവിവരങ്ങൾ വെളിപ്പെടുത്തണമെന്നും  നിർദേശിച്ചിട്ടുണ്ട്‌. അസംബ്ലി, പാർലമെന്റ്‌ പൊതുതെരഞ്ഞെടുപ്പ്‌ നടന്ന വർഷത്തെ കണക്കുകൾ സംസ്ഥാനങ്ങൾക്ക്‌ വേണ്ടി ചീഫ്‌സെക്രട്ടറിമാരും കേന്ദ്രത്തിന്‌ വേണ്ടി ധനകാര്യസെക്രട്ടറിയുമാണ്‌ നൽകേണ്ടത്‌. ഇത്‌ ക്ഷേമപദ്ധതികൾ വിഭാവനം ചെയ്യാനും അത്‌ നടപ്പാക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിന്‌ നേർക്കുള്ള കടന്നുകയറ്റവും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും രാഷ്‌ട്രീയപാർടികൾ വ്യക്തമാക്കി. നിലവിലുള്ള പെരുമാറ്റച്ചട്ടത്തിൽ പാർടികളും സ്ഥാനാർഥികളും നടത്തുന്ന വാഗ്‌ദാനങ്ങളുടെ യുക്തിയും പ്രായോഗികതയും വിശദീകരിക്കണമെന്നുണ്ട്‌. ഈ വ്യവസ്ഥ ഫലപ്രദമല്ലാത്തതിനാൽ ഇവ നിറവേറ്റാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന്‌ വെളിപ്പെടുത്തണം. നികുതി ഉയർത്തുമോ, നികുതിയിതര മാർഗങ്ങൾ സ്വീകരിക്കുമോ, ചെലവുകൾ നിയന്ത്രിക്കുമോ, അധിക കടം വാങ്ങുമോ–- തുടങ്ങി എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നുമാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ശുപാർശ. Read on deshabhimani.com

Related News