ത്രിപുരയിൽ ഫെബ്രുവരി 16ന് തെരഞ്ഞെടുപ്പ്; മേഘാലയയിലും നാഗാലൻഡിലും 27ന്



ന്യൂഡൽഹി> ത്രിപുരയിൽ  ഫെബ്രുവരി 16നും മേഘാലയ,  നാഗാലൻഡ് സംസ്ഥാനങ്ങളിൽ ഫെബ്രുവരി 27നും  നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 21 വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. ലക്ഷദ്വീപിൽ ലോകസഭ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലായി  62.8 ലക്ഷം വോട്ടര്‍മാര്‍ വിധി എഴുതും. ഇതിൽ 31.47 ലക്ഷം പേർ സ്‌ത്രീകളാണ്. 1.76 ലക്ഷം കന്നി വോട്ടര്‍മാരാണുള്ളത്. മൂന്നിടത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. നാഗാലാന്റില്‍ 2315, മേഘാലയില്‍ 3482, ത്രിപുരയില്‍ 3328 പോളിംഗ് ബൂത്തുകളും സജ്ജമാക്കും. നിലവിൽ  ത്രിപുരയിൽ ബിജെപി സർക്കാരും മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിൽ ബിജെപി സഖ്യസർക്കാരുമാണ് ഭരിക്കുന്നത്. മൂന്നിടങ്ങളിലും സർക്കാരിന്റെ കാലാവധി മാർച്ചിൽ അവസാനിക്കും. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിലാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.   Read on deshabhimani.com

Related News