മഹാരാഷ്ട്രയിൽ വിവാദനായകരെ 
മന്ത്രിമാരാക്കി ഷിൻഡെ ; മന്ത്രിപദം കിട്ടാത്തവർക്ക്‌ അമർഷം, 
വനിതകളെ പരിഗണിച്ചില്ല

image credit Eknath Shinde twitter


ന്യൂഡൽഹി മഹാരാഷ്‌ട്രയിൽ ഉദ്ധവ്‌ താക്കറേ സർക്കാരിനെ അട്ടിമറിച്ച്‌ അധികാരത്തിലേറിയ ഏകനാഥ്‌ ഷിൻഡെ മന്ത്രിസഭ വികസിപ്പിച്ചു. മുംബൈ രാജ്‌ഭവനിൽനടന്ന ചടങ്ങിൽ 18 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രകാന്ത്‌പാട്ടീൽ, രാധാകൃഷ്‌ണ വിഖേ പാട്ടീൽ, ഉദയ്‌സാമന്ത്‌ തുടങ്ങിയവരാണ്‌ മന്ത്രിസഭയിൽ അംഗങ്ങളായത്‌. ഒറ്റ വനിതയെപോലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ 40 ദിവസത്തിനുശേഷമാണ്‌ മന്ത്രിസഭ വികസിപ്പിക്കുന്നത്‌. പുണെയിലെ യുവതിയുടെ ദുരൂഹമരണത്തിന്റെ പേരിൽ വലിയ ആരോപണങ്ങൾ നേരിടുന്ന ശിവസേനാ വിമതനേതാവ്‌ സഞ്‌ജയ്‌റാത്തോഡിനെ മന്ത്രിയാക്കിയത്‌ വിവാദമായിട്ടുണ്ട്‌. ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ചിത്രാവാഗിന്റെ എതിർപ്പ്‌ തള്ളിയാണ്‌ റാത്തോഡിനെ മന്ത്രിയാക്കിയത്‌. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത ബിജെപി നേതാവ്‌ വിജയ്‌കുമാർ ഗാവിത്‌, ശിവസേന വിമത നേതാവ്‌ അബ്‌ദുൾ സത്താർ എന്നിവർക്ക്‌ എതിരെയും ഗുരുതര ആരോപണങ്ങളുണ്ട്‌. അതേസമയം, മന്ത്രിപദം പ്രതീക്ഷിച്ചിട്ടും ലഭിക്കാതിരുന്ന ഷിൻഡെ പക്ഷത്തെ പലരും കടുത്ത അമർഷത്തിലാണ്‌. അതൃപ്‌തരെ അശ്വസിപ്പിക്കാൻ സെപ്‌തംബറിൽ രണ്ടാംഘട്ട മന്ത്രിസഭാവികസനമുണ്ടാകുമെന്ന്‌ ഷിൻഡെ വാഗ്‌ദാനം ചെയ്‌തു. ഷിൻഡെയ്‌ക്ക്‌ പിന്തുണ നൽകിയ സ്വതന്ത്രരെയും പരിഗണിച്ചിട്ടില്ല. മഹാരാഷ്ടയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 അംഗ മന്ത്രിസഭയാകാം. നിലവിൽ 23 മന്ത്രിസ്ഥാനങ്ങളാണ്‌ ഒഴിവുള്ളത്‌. Read on deshabhimani.com

Related News