ഇഡിയും രാഷ്‌ട്രീയ ആയുധം ; 95 ശതമാനം ഇഡി കേസിലും പ്രതികൾ പ്രതിപക്ഷ പാർടി നേതാക്കൾ , ബിജെപിയിൽ ചേർന്നാൽ തുടർ നടപടിയില്ല



ന്യൂഡൽഹി രാഷ്‌ട്രീയ നേതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ 2014നു ശേഷം നാലുമടങ്ങ്‌ വർധന. 95 ശതമാനം കേസിലും പ്രതികൾ പ്രതിപക്ഷപാർടികളിലെ നേതാക്കൾ. 121 നേതാക്കളാണ്‌ ഇഡി അന്വേഷണം നേരിടുന്നത്‌. ഇവരിൽ 115 പേരും എൻഡിഎ ഇതര കക്ഷിയിലുള്ളവര്‍. സോണിയയും രാഹുലും  അടക്കം കോൺഗ്രസിലെ  24 നേതാക്കളും ടിഎംസിയിലെ 11 നേതാക്കളും എഎപിയിലെ മൂന്നു നേതാക്കളും ഇഡി കേസിൽ പ്രതി. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ കോൺഗ്രസിലായിരിക്കെ 2014ൽ സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്‌ത കേസുകളിൽ പ്രതിയായി.  റെയ്‌ഡും ചോദ്യംചെയ്യലുമുണ്ടായി. സർമ ബിജെപിയിൽ ചേർന്നശേഷം അനക്കമില്ല. ടിഎംസിയിൽനിന്ന്‌ ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിക്കും മുകുൾ റോയിക്കും ഇതേ ആനുകൂല്യം ലഭിച്ചു. കേസിൽനിന്ന്‌ ഒഴിവായ റോയ്‌ ടിഎംസിയിലേക്ക്‌ മടങ്ങി. കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങും കുടുംബാംഗങ്ങളും ഇഡി കേസുകളിൽ പ്രതികളാണ്‌. ധനമന്ത്രിയായിരിക്കെ ഇഡിക്ക്‌ അതിരുവിട്ട അധികാരങ്ങൾ നൽകാൻ കാർമികത്വം വഹിച്ച പി ചിദംബരവും മകൻ കാർത്തി ചിദംബരവും ബിജെപി ഭരണത്തിൽ ഇഡി കേസുകളിൽ കുടുങ്ങി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌, മധ്യപ്രദേശ്‌ മുൻ മുഖ്യമന്ത്രി കമൽനാഥ്‌ എന്നിവരുടെ കുടുംബാംഗങ്ങൾക്കെതിരെയും ഇഡി കേസുണ്ട്‌. 14 മുൻ മുഖ്യമന്ത്രിമാർ, 19 മന്ത്രിമാർ, 24 എംപിമാർ, 21 എംഎൽഎമാർ, 11 മുൻ എംഎൽഎമാർ, ഏഴ്‌ മുൻ എംപിമാർ എന്നിവർ ഇഡി അന്വേഷണം നേരിടുന്നു. 19 പേരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. അനന്തമായി നീളുന്ന ഇഡി കേസുകളിൽ ശിക്ഷാനിരക്ക്‌ 0.5 ശതമാനത്തിൽ താഴെയാണ്‌. 17 വർഷത്തിൽ രജിസ്റ്റർ ചെയ്‌ത 5400 കേസിൽ 23 പേർ മാത്രമാണ്‌ ശിക്ഷിക്കപ്പെട്ടത്. Read on deshabhimani.com

Related News