നയതന്ത്ര സ്വർണക്കടത്ത്‌: വിചാരണ കേരളത്തിനു പുറത്തേക്ക്‌ മാറ്റാനാകില്ല



ന്യൂഡൽഹി> നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കനത്ത തിരിച്ചടി. വിചാരണ കേരളത്തിൽനിന്ന്‌ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡി അപേക്ഷ പരിഗണിച്ച സുപ്രീംകോടതി പ്രതികൂല നിരീക്ഷണങ്ങൾ നടത്തി. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കേസ് ആയതിനാല്‍ വിചാരണ പുറത്തേക്കു മാറ്റാനാകില്ല. ഈ വാദം അംഗീകരിച്ചാൽ മറ്റു സംസ്ഥാനങ്ങളിലും സമാന ആവശ്യമുയരും. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ വിചാരണ മറ്റൊരിടത്തേക്ക് മാറ്റാനാകൂവെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ഇഡി വാദങ്ങൾ കണക്കിലെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. വിശദമായ വാദം കേള്‍ക്കണം. ജുഡീഷ്യറിയുടെ കൂടി വിശ്വാസ്യതയുമായി ബന്ധപ്പെട്ട കേസാണിതെന്നും കോടതി ഇഡിയെ ഓർമിപ്പിച്ചു. വിചാരണക്കോടതിയിലെ നടപടി പുരോഗതി അറിഞ്ഞശേഷം തുടർ നടപടികളിലേക്കു കടക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. മറ്റു പ്രതികളുടെ നിലപാടും അറിയണം. ഇഡിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവും സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഹാജരായി. ഇഡി അപേക്ഷയിൽ തടസ്സഹർജി നൽകിയ എം ശിവശങ്കറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരായി. Read on deshabhimani.com

Related News