പ്രവാസികള്‍ക്ക് ഇ- തപാല്‍ വോട്ട് ; അവസരം ഒരുക്കാമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ



ന്യൂഡൽഹി പ്രവാസി ഇന്ത്യക്കാർക്ക്‌‌ തപാല്‍ വോട്ട്‌ രേഖപ്പെടുത്താൻ അവസരം ഒരുക്കാമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ. ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ്‌ പോസ്റ്റൽ ബാലറ്റ്‌ സംവിധാനം (ഇടിപിബിഎസ്‌) പ്രവാസി വോട്ടർമാർക്കായി വ്യാപിപ്പിക്കാൻ തയ്യാറാണെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമമന്ത്രാലയത്തോട് നിര്‍ദേശിച്ചു. അടുത്തവർഷം നടക്കേണ്ട കേരളം, തമിഴ്‌നാട്‌, പുതുച്ചേരി, പശ്ചിമബംഗാൾ, അസം തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക്‌ വോട്ട് ചെയ്യാന്‍ സാങ്കേതികവും ഭരണപരവുമായ തയ്യാറെടുപ്പ് നടത്താനാണ് നിര്‍ദേശം. വിദേശരാജ്യങ്ങളിലുള്ള ഒരു കോടിയിലധികം ഇന്ത്യക്കാരിൽ 60 ലക്ഷത്തിലേറെ പേർ വോട്ടിങ്‌ പ്രായം കടന്നവരാണ്‌. ഇടിപിബിഎസ്‌ സംവിധാനം പ്രവാസികൾക്കുകൂടി വ്യാപിപ്പിക്കാൻ പാർലമെന്റ്‌ അംഗീകാരം ആവശ്യമില്ല. 1961ലെ തെരഞ്ഞടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി വരുത്തിയാല്‍ മതി. പ്രവാസി തപാല്‍ വോട്ടിനുള്ള മാർഗരേഖയും തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമമന്ത്രാലയത്തിന്‌ കൈമാറി‌. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്ന് അഞ്ച്‌ ദിവസത്തിനുശേഷം ഇടിപിബിഎസ്‌ മുഖേന വോട്ട്‌ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾ വിവരം വരണാധികാരിയെ അറിയിക്കണം. വരണാധികാരി ബാലറ്റ്‌ പേപ്പറുകൾ ഇ–-മെയിലിൽ അയക്കും. പ്രിന്റ്‌ഔട്ടില്‍  വോട്ട്‌ രേഖപ്പെടുത്തി ഇന്ത്യൻ എംബസിയുടെ സാക്ഷ്യപത്രം സഹിതം തിരിച്ചയക്കണം. തപാൽമാർഗം തിരിച്ചയക്കണോ എംബസികൾക്ക്‌ കൈമാറണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബാലറ്റ്‌ പേപ്പർ എംബസി സാക്ഷ്യപ്പെടുത്തണമെന്ന നിർദേശത്തോട്‌ വിദേശമന്ത്രാലയം നേരത്തേ വിയോജിച്ചിരുന്നു.  പ്രവാസികൾക്ക്‌ നാട്ടിലെത്താതെ വോട്ട്‌ ചെയ്യാനുള്ള അവസരത്തിനായി‌ പ്രവാസി സംരംഭകൻ ഡോ. ഷംസീർ വയലിൽ 2014 മാർച്ചിൽ സുപ്രീംകോടതിയിൽ ഹർജി നൽകി. പോസ്റ്റൽ ബാലറ്റോ പ്രോക്‌സി വോട്ടോ (പകരം പ്രതിനിധിയെ ഏർപ്പെടുത്തൽ) ആകാമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ശുപാർശ ചെയ്‌തു. പ്രോക്സി വോട്ടിനായുള്ള ജനപ്രാതിനിധ്യ നിയമ ഭേദഗതി ലോക്‌സഭയിൽ പാസാക്കിയെങ്കിലും രാജ്യസഭയുടെ അംഗീകാരം കിട്ടാതെ ബില്‍ അസാധുവായി. Read on deshabhimani.com

Related News