ദ്രൗപദി മുർമു ഇന്ന്‌ പത്രിക സമർപ്പിക്കും ; ആകെ വോട്ട്‌ മൂല്യത്തിൽ എൻഡിഎ മുന്നിൽ



ന്യൂഡൽഹി    എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു വെള്ളിയാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കും. ഒഡിഷയിൽനിന്ന്‌ വ്യാഴാഴ്‌ച ഡൽഹിയിൽ എത്തിയ മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. മുർമുവിന്റെ സ്ഥാനാർഥിത്വം സമൂഹത്തിലെ എല്ലാ വിഭാഗവും രാജ്യവ്യാപകമായി അംഗീകരിച്ചെന്ന്‌ പ്രധാനമന്ത്രി മോദി പറഞ്ഞു.  മന്ത്രിമാരായ ജഗന്നാഥ്‌ സാരകയും തുകുനി സാഹുവും മുർമുവിന്റെ സ്ഥാനാർഥിത്വത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പത്രികയിൽ ഒപ്പുവയ്‌ക്കുമെന്നും ബിജെഡി നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക് ട്വിറ്ററിൽ കുറിച്ചു.  പ്രതിപക്ഷത്തെ പൊതുസ്ഥാനാർഥി യശ്വന്ത്‌ സിൻഹ ബുധനാഴ്‌ച പത്രിക സമർപ്പിക്കും. ബിജെഡിയും വൈഎസ്‌ആർസിപിയും പിന്തുണ അറിയിച്ചതോടെ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിനുള്ള ആകെ വോട്ടുമൂല്യത്തിൽ എൻഡിഎ മുന്നിൽ. ബിജെപിയോട്‌ ഇടഞ്ഞുനിൽക്കുമ്പോഴും മുർമുവിന്‌ വോട്ടുചെയ്യുമെന്ന്‌ ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാർ വ്യക്തമാക്കിയിരുന്നു. യുപിഎക്കൊപ്പമുള്ള ജെഎംഎമ്മും അനിശ്ചിതത്വത്തിലാണ്‌. ജാർഖണ്ഡിൽ നിർണായക വോട്ടുബാങ്കായ സന്താൾ വിഭാഗക്കാരിയാണ്‌ മുർമു. ജാർഖണ്ഡ്‌ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത്‌ സോറനും സന്താൾ വിഭാഗക്കാരനാണ്‌. പിന്തുണ ആർക്കെന്ന്‌ ജെഎംഎം വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയിൽ ശിവസേന നേരിടുന്ന പ്രതിസന്ധിയും പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയാണ്‌.   Read on deshabhimani.com

Related News