ദ്രൗപദി മുര്‍മു എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി



ന്യൂഡല്‍ഹി>  ആദിവാസി നേതാവും ഒഡിഷ മുന്‍ മന്ത്രിയുമായ ദ്രൗപദി മുര്‍മു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. രാഷ്ട്രപതി സ്ഥാനാര്‍ഥി ആകുന്ന ആദ്യത്തെ ആദിവാസി വനിത കൂടിയാണ് ദ്രൗപദി മുര്‍മു. 1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തില്‍ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിക്ക് സ്വന്തം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ഗോത്രവിഭാഗം വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. അതേസമയം, ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്ന മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാര്‍ലമെന്റ് അനക്‌സിലാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക യോഗം ചേര്‍ന്നത്.   തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ യശ്വന്ത് സിന്‍ഹയുടെ പേര് ചില നേതാക്കള്‍ മുന്നോട്ട് വെച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഈ സ്ഥാനം രാജിവെച്ചാല്‍ പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും നേരത്തെ അറിയിച്ചിരുന്നത്. ഈ ആവശ്യം ടിഎംസി അംഗീകരിച്ചിരിക്കുകയാണ്. ഗോപാല്‍ കൃഷ്ണ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെയാണ് പുതിയ പേരിലേക്ക് പ്രതിപക്ഷം നീങ്ങിയത്. എന്‍സിപി തലവന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരും സ്ഥാനാര്‍ഥിയാകാന്‍ വിസമ്മതിക്കുകയായിരുന്നു.   Read on deshabhimani.com

Related News