ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷ ദിനം: രാഷ്‌ട്രപതി



ന്യൂഡല്‍ഹി> ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ലോകത്ത് എവിടെയുമുള്ള ജനാധിപത്യവിശ്വാസികള്‍ക്ക് ആഘോഷിക്കാനുള്ള ദിവസമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കൊളോണിയല്‍ ഭരണാധിപന്മാരുടെ ചങ്ങലകളില്‍നിന്ന് മോചിതരായി ജനത സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ തീരുമാനിച്ച ചരിത്രസ്മരണകള്‍ ഉണര്‍ത്തുന്ന ദിവസമാണത്. രാഷ്ട്രപതിയായശേഷം രാജ്യത്തിന് ആദ്യ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ ജനാധിപത്യ ഭാവിയില്‍ പല ലോകനേതാക്കളും വിദഗ്ധരും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, എല്ലാ ആശങ്കയും അസ്ഥാനത്താണെന്ന് ഇന്ത്യക്കാര്‍ ലോകത്തിന് തെളിയിച്ചുകൊടുത്തു. ഇന്ത്യ റിപ്പബ്ലിക്കായ ഘട്ടത്തില്‍ത്തന്നെ സ്ത്രീകള്‍ക്കടക്കം എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പാക്കി മാതൃകയായി. മഹാത്മാഗാന്ധിയെപ്പോലെയുള്ള നേതാക്കള്‍ ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. അസാദി കാ അമൃത് മഹോത്സവ്, ഹര്‍ ഘര്‍ തിരംഗ പരിപാടികളിലൂടെ സ്വാതന്ത്ര്യത്തിന്റെ സന്ദേശവും ഊര്‍ജവും രാജ്യത്തുടനീളം അലയടിച്ചു. നമ്മുടെ ധീരരക്തസാക്ഷികള്‍ക്കുള്ള ഉചിതമായ ആദരവാണ് ഈ പരിപാടികളിലൂടെ ലഭിച്ചതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.   Read on deshabhimani.com

Related News