കോവിഡ്‌ വാക്‌സിൻ നിർമാണം : തിടുക്കം അശാസ്‌ത്രീയം: ഡോ. സൗമ്യ സ്വാമിനാഥൻ



ന്യൂഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌(ഐസിഎംആർ) ഹൈദരാബാദിലെ ഭാരത്‌ ബയോടെക്കുമായി ചേർന്ന്‌ വികസിപ്പിക്കുന്ന വാക്‌സിൻ ആഗസ്‌ത്‌ 15 മുതൽ ഉപയോഗിക്കാൻ കഴിയുമെന്നത്‌ തീർത്തും അസാധ്യമാണെന്ന്‌ ലോകാരോഗ്യ സംഘടന ചീഫ്‌ സയന്റിസ്‌റ്റ്‌ ഡോ. സൗമ്യ സ്വാമിനാഥൻ. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ  തിടുക്കം കാണിക്കുന്നത്‌ വൈദ്യശാസ്‌ത്രസംഹിതകൾക്കും ധാർമികതയ്‌ക്കും നിരക്കുന്നതല്ലെന്ന്‌ ഐസിഎംആർ മുൻ ഡയറക്ടർ ജനറൽ(ഡി ജി)  കൂടിയായ അവർ പറഞ്ഞു. ഇക്കാര്യത്തിൽ ഐസിഎംആർ ഡി ജി ഡോ. ബൽറാം ഭാർഗവ എഴുതിയ കത്ത്‌ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതാണ്‌. ഭാരത്‌ ബയോടെക്കുമായി താൻ വീഡിയോ സംഭാഷണം നടത്തി.  ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പോലും സ്ഥാപനം ആരംഭിച്ചിട്ടില്ല. ക്ലിനിക്കൽ പരീക്ഷണങ്ങൾ അങ്ങേയറ്റം കഠിനമായ പ്രക്രിയയാണ്‌. ഇതിൽ മൂന്നാംഘട്ടം ഏറ്റവും പ്രധാനമാണ്‌. 20,000–-30,000 പേരിലെങ്കിലും പരീക്ഷണം നടത്തണം.  കുറച്ചൊക്കെ വേഗം കൂട്ടാനാകുമെങ്കിലും വർഷങ്ങൾ വേണ്ടിവരും. ശാസ്‌ത്രീയവും ധാർമികവുമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടത്‌ അനിവാര്യമാണ്‌. കോവിഡിന്റെ കാര്യത്തിൽ 150 വ്യത്യസ്‌ത വാക്‌സിൻ പ്രീ–-ക്ലിനിക്കൽ ഘട്ടത്തിലാണ്‌. 17–-18 എണ്ണം ക്ലിനിക്കൽ ഘട്ടത്തിലും. രണ്ടോ മൂന്നോ എണ്ണം മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണ ദശയിലുമാണ്‌. ഭാഗ്യമുണ്ടെങ്കിൽ 2021 തുടക്കത്തിൽ വാക്‌സിൻ ലഭ്യമാകുമെന്നും ‌ ഡോ. സൗമ്യ വിശ്വനാഥൻ അഭിമുഖത്തിൽ പറഞ്ഞു. Read on deshabhimani.com

Related News