ഒതുക്കപ്പെട്ടതില്‍ ഫഡ്‌നാവിസ് അമര്‍ഷത്തില്‍



ന്യൂഡൽഹി മഹാരാഷ്‌ട്രയിൽ ബിജപി ആ​ഗ്രഹിച്ചവിധം ഭരണം അട്ടിമറിച്ചെങ്കിലും ഉപമുഖ്യമന്ത്രിയായി ഒതുക്കപ്പെട്ടതില്‍ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് കടുത്ത അമര്‍ഷത്തില്‍. ശിവസേനപക്ഷത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനം വാ​ഗ്ദാനംചെയ്ത് ചാക്കിട്ടുപിടിച്ച ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതോടെ  മന്ത്രിസഭയിൽ ചേരില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഫഡ്നാവിസ്. ബിജെപിദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും സമ്മര്‍ദ്ദം ചെലുത്തിയിട്ടും  വിമുഖത തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട്‌ തവണ ഫോണിൽ ബന്ധപ്പെട്ട്‌ കേന്ദ്രനേതൃത്വത്തിന്റെ നിർദേശം അനുസരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് വഴങ്ങിയത്. ഫഡ്നാവിസിനോട് നേതൃത്വം അനീതികാട്ടിയെന്നും തഴയപ്പെട്ടന്നുമുള്ള വികാരമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക്. വെള്ളിയാഴ്‌ച സൗത്ത്‌ മുംബൈയിലെ ബിജെപി ആസ്ഥാനത്തെ വിജയാഘോഷ ചടങ്ങിൽനിന്ന് വിട്ടുനിന്ന് ഫഡ്നാവിസ് അതൃപ്തി പരസ്യമാക്കി. ഹൈദരാബാദിൽ തുടങ്ങിയ ബിജെപി ദേശീയ നിര്‍വാഹകസമിതി യോ​ഗത്തിലും പങ്കെടുക്കുന്നില്ല. സഭയില്‍ വിശ്വാസവോട്ട് തെളിയിക്കേണ്ടതിന്റെ തിരക്കുണ്ടെന്നാണ് വിശദീകരണം.ഉദ്ധവ്‌താക്കറെ സർക്കാരിനെ അട്ടിമറിക്കുന്നതിൽ വിജയിച്ച ഫഡ്നാവിസ് മുഖ്യമന്ത്രിയാകും എന്നാണ്  ദേശീയമാധ്യമങ്ങളെല്ലാം പ്രവചിച്ചത്. അവസാന നിമിഷമാണ് കേന്ദ്ര ഇട‌പെടലിനെ തുടര്‍ന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞത്.     Read on deshabhimani.com

Related News