ദേശാഭിമാനിക്ക്‌ 
രാജ്യാന്തര അംഗീകാരം



ന്യൂഡൽഹി അഞ്ചാമത്‌ രാജ്യാന്തര ന്യൂസ്‌പേപ്പർ ഡിസൈൻ മത്സരത്തിൽ ദേശാഭിമാനിക്ക്‌ ഇരട്ടബഹുമതി. ഏഷ്യയിലെ ആദ്യത്തെ ന്യൂസ്‌പേപ്പർ ഡിസൈൻ വെബ്‌സൈറ്റായ www.newspaperdesign.in സംഘടിപ്പിച്ച മികച്ച പേജ്‌ രൂപകൽപ്പനയ്‌ക്കുള്ള മത്സരത്തിലാണ്‌ അംഗീകാരം. മികച്ച ലയണൽ മെസി പേജ്‌, പെലെ പേജ്‌ വിഭാഗങ്ങളിൽ ദേശാഭിമാനി പ്രത്യേക ജൂറി പരാമർശത്തിന്‌ അർഹമായി. അർജന്റീന ലോകകപ്പ്‌ നേടിയതിന്റെ പിറ്റേന്ന്‌ ‘മെസി ഗാഥ’ എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ഒന്നാംപേജിനാണ്‌ അംഗീകാരം. മെസിയും അർജന്റീനയും ലോകകപ്പ്‌ നേടിയ വാർത്ത ഒറ്റ ഫോട്ടോയിലൂടെ ആവിഷ്‌കരിക്കാനായെന്ന്‌ ജൂറി വിലയിരുത്തി. വായനയ്‌ക്ക്‌ വഴിതുറക്കുന്ന തലക്കെട്ടായി. മാതൃഭൂമിക്കാണ്‌ ഒന്നാംസ്ഥാനം. ബ്രസീലിയൻ പത്രം ഒ ഗ്ലോബോ രണ്ടും മാധ്യമം മൂന്നും സ്ഥാനം നേടി. ‘ഹൃദയമീ പന്ത്‌’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പെലെ പേജിനാണ്‌ മറ്റൊരു അംഗീകാരം. ചിത്രങ്ങളുടെയും വാർത്തകളുടെയും മികച്ച സങ്കലനമാണ്‌ പേജെന്ന്‌ ജൂറി വിലയിരുത്തി. ഫുട്‌ബോൾ ചേർത്തുപിടിച്ചുള്ള പെലെയുടെ ഇല്ലസ്‌ട്രേഷൻ പേജിന്‌ മികവുകൂട്ടി. ഒ ഗ്ലോബോ പത്രം ഒന്നാംസ്ഥാനം നേടി. ഹിന്ദുസ്ഥാൻ ടൈംസിന്‌ രണ്ടും മാതൃഭൂമിക്ക്‌ മൂന്നും സ്ഥാനമുണ്ട്‌. മികച്ച ഒന്നാംപേജിനുള്ള പുരസ്‌കാരം ഇന്തോനേഷ്യൻ പത്രമായ കോംപസ്‌ നേടി. മാധ്യമത്തിന്‌ രണ്ടാംസ്ഥാനമുണ്ട്‌. ഇൻഫോഗ്രാഫിക്‌സ്‌ പുരസ്‌കാരം സൗത്ത്‌ ചൈന മോണിങ് പോസ്‌റ്റിനാണ്‌. ഖത്തർ ലോകകപ്പ്‌ പേജിനുള്ള ബഹുമതി അറബ്‌ ന്യൂസ്‌ നേടി. Read on deshabhimani.com

Related News