ഡൽഹി റോഡുകളുടെ മുഗൾ പേരുകൾ മാറ്റണമെന്ന്‌ ബിജെപി ; മുഹമ്മദ് പുര്‍ 
മാധവ്‌പുരമാക്കി



ന്യൂഡൽഹി രാജ്യതലസ്ഥാനത്തെ മുഗൾ പാരമ്പര്യം പേറുന്ന റോഡുകളുടെ പേര്‌ മാറ്റണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. എഐസിസി ആസ്ഥാനം സ്ഥിതിചെയ്യുന്ന അക്ബർ റോഡ്, തുഗ്ലക്ക് റോഡ്, ഔറംഗസേബ് ലെയ്ൻ, ഹുമയൂൺ റോഡ്, ഷാജഹാൻ റോഡ് എന്നിവയുടെ പേര്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ ബിജെപി സംസ്ഥാനാധ്യക്ഷൻ അദേഷ്‌ ഗുപ്‌ത മധ്യഡൽഹി റോഡുകളുടെ പരിപാലന ചുമതലയുള്ള വടക്കൻ ഡൽഹി കോർപറേഷന്‌ കത്തുനൽകി. ദിവസങ്ങൾക്കുമുമ്പ്‌ മുഹമ്മദ്‌പൂരിന്റെ പേര്‌ ഏകപക്ഷീയമായി മാധവ്‌പുരമെന്നാക്കി മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ്‌ ‘മുസ്ലിം അടിമത്വ’ത്തെ സൂചിപ്പിക്കുന്ന പേരുകൾ മാറ്റണമെന്ന ആവശ്യം.  തുഗ്ലക്ക് റോഡിന് ഗുരു ഗോവിന്ദ് സിങ്‌ മാർഗ്, അക്ബർ റോഡിന് മഹാറാണാ പ്രതാപ് റോഡ്, ഔറംഗസേബ് റോഡിന്‌ അബ്ദുൾ കലാം ലൈൻ, ഹുമയൂൺ റോഡിന് മഹർഷി വാൽമീകി റോഡ് എന്നിങ്ങനെ പേരുമാറ്റണമെന്നാണ്‌ നിർദേശം. ഷാജഹാൻ റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേരും ബാബർ ലൈൻ റോഡിന്‌ സ്വാതന്ത്ര്യ സമര സേനാനി ഖുദിറാം ബോസിന്റെ പേരും നൽകണമെന്നാണ്‌ ആവശ്യം. പേരുകൾ അംഗീകരിച്ച കോർപറേഷൻ സമിതി, റിപ്പോർട്ട്‌ കൗൺസിലിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. പ്രധാനമന്ത്രിയുടെ വസതി സ്ഥിതിചെയ്യുന്ന റേസ്‌കോഴ്‌സ്‌ റോഡിന്റെ പേര്‌ 2016ൽ ലോക്‌ കല്യാൺ മാർഗ്‌ എന്നാക്കി.   Read on deshabhimani.com

Related News