ഡൽഹി കലാപം: യെച്ചൂരി അടക്കമുള്ള നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്‌



ന്യൂഡൽഹി > ഡൽഹി വംശഹത്യക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമവുമായി ഡൽഹി പൊലീസ്‌. അനുബന്ധ കുറ്റപത്രത്തിലാണ്‌ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്‌. രാഷ്‌ട്രീയ നേതാക്കൾക്ക്‌ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ്‌ പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. സീതാറാം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്‌ധ ജയതി ഘോഷ്, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെന്‍ററി സംവിധായകൻ രാഹുൽ റോയ് എന്നിവരുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കലാപത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് രാഷ്‌ട്രീയ നേതാക്കളുടെ പേരുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ജെഎഎൻയുവിലെയും ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെയും വിദ്യാർഥികൾക്കെതിരെ ചുമത്തിയ കേസുകളുമായി ബന്ധപ്പെട്ടാണ് ഇത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് പിന്നാലെയായിരുന്നു ഡൽഹിയിൽ ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകർ കലാപം നടത്തിയത്‌. കലാപത്തിൽ 56 പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. 581 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. Read on deshabhimani.com

Related News