ഡൽഹി കലാപം : അക്രമികളെ നയിച്ചും കല്ലെറിഞ്ഞും പൊലീസ്‌ ; പൊലീസിന്റെ പങ്ക്‌ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഡൽഹി സർക്കാർ കൈമാറി



ന്യൂഡൽഹി > വടക്കു കിഴക്കൻ ഡൽഹി കലാപത്തിൽ പൊലീസിന്റെ പങ്ക്‌ തെളിയിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്‌. പൊലീസുകാർ കല്ലെറിയുന്നതിന്റെയും അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഡൽഹി സർക്കാർ പൊലീസിന്റെ മേലുദ്യോഗസ്ഥരുടെ പരിഗണനയ്‌ക്ക്‌ വിട്ടു. ഡൽഹികലാപത്തിൽ പൊലീസുകാർക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ബലപ്പെടുത്തുന്നതാണ്‌ ദൃശ്യങ്ങൾ.  പൊലീസുകാർ നേരിട്ട്‌ അക്രമത്തിൽ പങ്കെടുക്കുന്ന ഏഴ്‌ വീഡിയോയാണ്‌ ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനു കീഴിലുള്ള പൊലീസിന്റെ മേലുദ്യോഗസ്ഥരുടെ പരിഗണനയ്‌ക്ക്‌ വിട്ടത്‌. അക്രമികൾക്കൊപ്പം ചില പൊലീസുകാർ നീങ്ങുന്നതാണ്‌ ആദ്യ വീഡിയോ. അക്രമികൾക്ക്‌ നിർദേശങ്ങൾ നൽകി അവർക്ക്‌ നേതൃത്വം നൽകുന്നതുപോലെയാണ്‌ പൊലീസുകാരുടെ പെരുമാറ്റം. രണ്ടാമത്തെ വീഡിയോയിൽ അക്രമികൾക്ക്‌ ഒപ്പംചേർന്ന്‌ എതിർവശത്തെ ആളുകൾക്കുനേരെ കല്ലുകളും ഇഷ്ടികകളും എറിയുന്നതും കാണാം. മൂന്നാമത്തെ വീഡിയോയിൽ പൊലീസുകാർ അഞ്ച്‌ ചെറുപ്പക്കാരെ നിലത്തിട്ട്‌ മർദിച്ച്‌ അവരോട്‌ ദേശീയഗാനം പാടാൻ ആക്രോശിക്കുന്ന ദൃശ്യങ്ങളാണ്‌. പൊലീസ്‌ മർദിച്ച ചെറുപ്പക്കാരിൽ ഒരാളായ ഫൈസാൻ (24) പിന്നീട്‌ ആശുപത്രിയിൽ മരിച്ചു. പൊലീസുകാർ ആൾക്കാരെ ഭീഷണിപ്പെടുത്തുന്നതിന്റെയും അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും വീഡിയോകളും ഡൽഹി സർക്കാർ കൈമാറി. ദൃശ്യങ്ങളിൽ തിരിച്ചറിഞ്ഞ ചില പൊലീസുകാർക്ക്‌ എതിരെ നടപടി സ്വീകരിച്ചതായി വടക്കുകിഴക്കൻ ഡൽഹി കമീഷണർ അവകാശപ്പെട്ടു.   Read on deshabhimani.com

Related News