അർധസൈനിക വിഭാഗങ്ങൾക്കും പഴയ പെൻഷൻ നൽകണം ; 8 ആഴ്‌ചയ്‌ക്കുള്ളിൽ ഉത്തരവിറക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി



ന്യൂഡൽഹി അർധ സൈനിക വിഭാഗങ്ങളിൽ 2004 ജനുവരി ഒന്നിനുശേഷം നിയമനം ലഭിച്ചവർക്കും പഴയ പെൻഷൻ പദ്ധതി (ഒപിഎസ്‌) ബാധകമാക്കണമെന്ന്‌ ഡൽഹി ഹൈക്കോടതി. ഇതിനായി എട്ട്‌ ആഴ്‌ചയ്‌ക്കുള്ളിൽ ഇത്തരവിറക്കാന്‍ ജസ്‌റ്റിസുമാരായ സുരേഷ്‌ കുമാർ കെയ്‌ത്‌, നീന ബൽസാൽ കൃഷ്‌ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്‌ കേന്ദ്രസർക്കാരിനോട് നിര്‍ദേശിച്ചു. സിആർപിഎഫ്‌, ബിഎസ്‌എഫ്‌, സിഐഎസ്‌എഫ്‌, ഐടിബിപി, എസ്‌എസ്‌ബി, അസം റൈഫിൾസ്‌, എൻഎസ്‌ജി  സൈനികര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കര, നാവിക, വ്യോമ സേനകളിൽ പ്രവർത്തിക്കുന്നവരെ മാത്രമാണ്‌ 2004 ജനുവരി ഒന്ന് മുതൽ എൻപിഎസിൽനിന്ന്‌ ഒഴിവാക്കിയതെന്ന കേന്ദ്രസർക്കാർ വാദം ഹൈക്കോടതി തള്ളി.  കേന്ദ്രം2003ൽ പങ്കാളിത്ത പെൻഷൻ പദ്ധതി (എൻപിഎസ്‌) നടപ്പാക്കിയപ്പോൾ സായുധസേന വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. സിആർപിഎഫ്‌ സായുധസേനയുടെ ഭാഗമാണെന്ന്‌ 1981ൽ സുപ്രീംകോടതി വിധിച്ചതും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലുള്ള എല്ലാ കേന്ദ്രസേനകളും സായുധസേനയുടെ ഭാഗമാണെന്ന്‌ 2004 ആഗസ്‌തിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News