ഡൽഹിയിൽ ബിജെപി വീഴും ; എക്‌സിറ്റ്‌ പോൾ ; ഗുജറാത്തിൽ ബിജെപി , ഹിമാചലിൽ ഒപ്പത്തിനൊപ്പം



ന്യൂഡൽഹി ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 15 വർഷമായി ഭരണം കൈയാളുന്ന ബിജെപി തകർന്നടിയുമെന്ന്‌ എക്‌സിറ്റ്‌ പോൾ ഫലങ്ങൾ. വിവിധ എക്‌സിറ്റ്‌ പോളുകളുടെ ശരാശരി പ്രകാരം എഎപി 155 സീറ്റുവരെ നേടും. ബിജപിക്ക്‌ 84 സീറ്റ്‌. കോൺഗ്രസ്‌ ആറ്‌ സീറ്റിലൊതുങ്ങും. 250 അംഗ കോർപറേഷനിൽ 120 സീറ്റാണ്‌ കേവല ഭൂരിപക്ഷം. മൂന്ന്‌ കോർപറേഷനുകളെ ഒന്നാക്കിയശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കാലിടറിയെന്നാണ്‌ പോളുകൾ സൂചിപ്പിക്കുന്നത്‌. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ 50.47 ശതമാനമായിരുന്നു പോളിങ്‌. വോട്ടണ്ണൽ ഏഴിനാണ്‌. ഗുജറാത്തിൽ സീറ്റുകൾ വർധിപ്പിച്ച്‌ ബിജെപി ഭരണം നിലനിർത്തുമെന്നാണ്‌ പ്രവചനം. ഹിമാചലിൽ കോൺഗ്രസും ബിജെപിയുമായി കടുത്ത മത്സരം. നേരിയ മുൻതൂക്കം ബിജെപിക്കാണ്‌. വിവിധ എക്‌സിറ്റ്‌ പോളുകളുടെ ശരാശരി പ്രകാരം ഗുജറാത്തിൽ ആകെയുള്ള 182 ൽ 132 സീറ്റ്‌ ബിജെപി നേടും. കോൺഗ്രസ്‌ 38 സീറ്റിലേക്ക്‌ ഒതുങ്ങും. മൂന്നാം ശക്തിയായി രംഗത്തുണ്ടായിരുന്ന എഎപി എട്ട്‌ സീറ്റിൽ തൃപ്‌തിപ്പെടണം. മറ്റ്‌ പാർടികൾക്ക്‌ നാല്‌ സീറ്റ്‌. ഹിമാചലിൽ ആകെയുള്ള 68 ൽ 35 സീറ്റ്‌ ബിജെപി നേടും. കേവല ഭൂരിപക്ഷത്തിന്‌ 34 സീറ്റാണ്‌ വേണ്ടത്‌. കോൺഗ്രസിന്‌ 30 സീറ്റ്‌ കിട്ടും. എഎപിക്ക്‌ സീറ്റില്ല. മറ്റ്‌ പാർടികൾക്ക്‌ മൂന്ന്‌ സീറ്റ്‌ വരെ കിട്ടാം. Read on deshabhimani.com

Related News