ഡൽഹി തീപിടിത്തം : 7 മൃതദേഹം തിരിച്ചറിഞ്ഞു;
 29 പേരെ കാണാതായി



ന്യൂഡൽഹി പശ്ചിമ ഡൽഹിയിൽ മുണ്ട്‌ക മെട്രോ സ്റ്റേഷന്‌ സമീപം കെട്ടിടത്തിന്‌ തീപിടിച്ച്‌ മരിച്ചവരിൽ ഏഴുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. 27 മരണമാണ്‌ ഇതുവരെ സ്ഥിരീകരിച്ചത്‌. 24 വനിതകളും അഞ്ച്‌ പുരുഷന്മാരുമടക്കം 29 പേരെ കാണാതായി. ശനി രാവിലെ നടത്തിയ പരിശോധനയിൽ രണ്ട്‌ മൃതദേഹഭാഗം ലഭിച്ചു. മരണനിരക്ക്‌ ഉയർന്നേക്കാം. ഡിഎൻഎ പരിശോധന നടത്തിയാണ്‌ മൃതദേഹങ്ങൾ തിരിച്ചറിയുന്നത്‌. ഇരുപതിലധികം കമ്പനികൾ പ്രവർത്തിക്കുന്ന നാലുനില കെട്ടിടത്തിൽ അപകടസമയം ഇരുന്നൂറോളം പേരുണ്ടായിരുന്നെന്നാണ്‌ വിവരം. എഴുപതോളം പേരെ രക്ഷിച്ചു. സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ മജിസ്ട്രേട്ട്‌ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക്‌ പത്തുലക്ഷം രൂപയും പരിക്കേറ്റവർക്ക്‌ 50,000 രൂപയും നൽകുമെന്നും അറിയിച്ചു. കറന്റ്‌ പോയപ്പോൾ ജനറേറ്റർ ഓൺ ചെയ്‌തതോടെ ഷോർട്ട്‌ സർക്യൂട്ട്‌ ഉണ്ടായി തീ വ്യാപിച്ചെന്നാണ്‌ രക്ഷപ്പെട്ടവർ പറയുന്നത്‌. കെട്ടിടത്തിൽ ഒരു വഴിമാത്രമുള്ളത്‌ മരണനിരക്കുയരാൻ കാരണമായി. കമ്പനി ഉടമകളെ പൊലീസ്‌ പിടികൂടി. കെട്ടിട ഉടമയ്‌ക്കെതിരെയും കേസെടുത്തു. ഇയാൾ ഒളിവിലാണ്‌. കെട്ടിടത്തിന്‌ അനുമതി നൽകിയിരുന്നില്ലെന്ന്‌ ഡൽഹി ഫയർഫോഴ്‌സ്‌ മേധാവി അതുൽ ഗാർഗ്‌ പറഞ്ഞു.   Read on deshabhimani.com

Related News