ഡൽഹി എയിംസിന്‌ നേരെ വീണ്ടും സൈബറാക്രമണം



ന്യൂഡൽഹി> രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായ ഡൽഹി എയിംസിന്റെ ഇ–-ആശുപത്രി സംവിധാനത്തെ ലക്ഷ്യംവെച്ച്‌ വീണ്ടും സൈബർ ആക്രമണം. ചൊവ്വ പകൽ രണ്ടുമണിയോടെ മാൽവെയർ ആക്രമണം സൈബർ സുരക്ഷ സംവിധാനം കണ്ടെത്തിയെന്നും ആക്രമണത്തെ ചെറുത്തുവെന്നും ആശുപത്രി അറിയിച്ചു. ഇ–-ആശുപത്രി സംവിധാനത്തിലേയ്‌ക്ക്‌ നുഴഞ്ഞുകയറാൻ വൈറസിന്‌ കഴിഞ്ഞില്ലന്നും ഇത്‌  സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എയിംസ്‌ അറിയിച്ചു. കഴിഞ്ഞ വർഷം നവംബർ 23ന്‌  ആശുപത്രിയുടെ അഞ്ച്‌  സെർവറുകളുടെ പ്രതിരോധം  തകർത്ത ഹാക്കർമാർ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ , കോൺഗ്രസ്‌ മുൻ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, മുൻ കേന്ദ്രമന്ത്രിമാർ തുടങ്ങിയവരടെയടക്കം നാലുകോടി പേരുടെ ആരോഗ്യ വിവരങ്ങൾ ചോർത്തിയിരുന്നു. ഇ– ആശുപത്രി സേവനം തകന്നതോടെ  താളം തെറ്റിയ  എയിംസ്‌ പ്രവർത്തനം ആഴ്‌ചകൾക്ക്‌ ശേഷമാണ്‌ വീണ്ടും സാധാരണ നിലയിലായത്‌. ഹോങ്കോങ്‌ കേന്ദ്രീകരിച്ച ഹാക്കർമാർ    200 കോടി ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട്‌ മെഡിക്കൽ വിവരങ്ങൾ ഡാർക്ക്‌വെബ്ബിൽ വിറ്റതായും റിപ്പോർട്ടുണ്ടായിരുന്നു. ഇന്റർപോളിന്റെയടക്കം സഹായം തേടിയിട്ടും കേസ്‌ അന്വേഷിച്ച എൻഐഎയ്‌ക്ക്‌  ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആറുമാസങ്ങൾക്കിപ്പുറം വീണ്ടും ഹാക്കർമാർ എയിംസിനെ ലക്ഷ്യംവെച്ചിരിക്കുന്നുവെന്നാണ്‌ പുതിയ ആക്രമണം വ്യക്തമാക്കുന്നത്‌. Read on deshabhimani.com

Related News