പ്രഖ്യാപനം നീളുന്നു ; മാരത്തൺ ചർച്ചയും ഫലം കണ്ടില്ല , പിന്മാറാൻ ഒരുക്കമല്ലെന്ന നിലപാടിൽ ഇരുനേതാക്കളും



  ന്യൂഡൽഹി കർണാടക ജനത മികച്ച വിജയം സമ്മാനിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രിയാരെന്ന്‌ ഉറപ്പിക്കാനാകാതെ കോൺഗ്രസ്‌ ആശയക്കുഴപ്പത്തിൽ. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽനിന്ന്‌ പിന്മാറാൻ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തയ്യാറായില്ല. ഉച്ചയോടെ ഡൽഹിയിൽ എത്തിയ ശിവകുമാർ സമ്മർദം ശക്തമാക്കി. മന്ത്രിമാരുടെ കാര്യത്തിലും വ്യത്യസ്‌ത അവകാശവാദങ്ങളും അഭിപ്രായങ്ങളും ഉയർന്നതോടെ തീരുമാനമെടുക്കൽ സങ്കീർണമായി. കർണാടകത്തിലെ കൂടുതൽ നേതാക്കളുമായി എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ കൂടിയാലോചന നടത്തുമെന്നും അതുവരെ തീരുമാനം നീളുമെന്നും കോൺഗ്രസ്‌ കേന്ദ്രങ്ങൾ പറഞ്ഞു. ഹൈക്കമാൻഡ്‌ തീരുമാനിച്ചാൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന്‌ മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. ഖാർഗെയുമായി രാഹുൽ ഗാന്ധി ഒന്നര മണിക്കൂറോളം ചർച്ച നടത്തി. തുടർന്ന്‌, വൈകിട്ട്‌ അഞ്ചരയോടെ ശിവകുമാർ  ഖാർഗെയുടെ വസതിയിലെത്തി സംസാരിച്ചു. ഖാർഗെ അഭിപ്രായം ആരായുക മാത്രമാണ്‌ ഉണ്ടായതെന്ന്‌ ശിവകുമാറിനെ പിന്തുണയ്‌ക്കുന്നവർ പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായ കാലത്ത്‌ ദുർഭരണം ആയിരുന്നെന്നും അദ്ദേഹത്തിന്‌ വീണ്ടും അവസരം നൽകേണ്ടതില്ലെന്നും ശിവകുമാർ അഭിപ്രായപ്പെട്ടെന്ന്‌ റിപ്പോർട്ടുണ്ട്‌. ശിവകുമാർ മടങ്ങിയതിനു തൊട്ടുപിന്നാലെ സിദ്ധരാമയ്യയും ഖാർഗയെ കണ്ടു. ആരെയെങ്കിലും പിന്നിൽനിന്ന്‌ കുത്താനോ ബ്ലാക്ക്‌മെയിൽ ചെയ്യാനോ താനില്ലെന്നും കോൺഗ്രസ്‌ നേതൃത്വത്തിന്‌ തീരുമാനമെടുക്കാമെന്നും ശിവകുമാർ മാധ്യമങ്ങളോട്‌ ആവർത്തിച്ചു. രോഗബാധ കാരണം ഡൽഹിയിലേക്ക്‌ വരുന്നില്ലെന്ന്‌ കഴിഞ്ഞ രാത്രി ബംഗളൂരുവിൽ ശിവകുമാർ പറഞ്ഞിരുന്നു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണെങ്കിലും ലിംഗായത്ത്‌, വൊക്കലിഗ സമുദായ നേതൃത്വങ്ങൾ ശിവകുമാറിനൊപ്പമാണ്‌. സോണിയഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശിവകുമാറിനാണ്‌ കൂടുതൽ പരിഗണന നൽകുന്നതെന്ന്‌ അറിയുന്നു. അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ പ്രതിസ്ഥാനത്തുള്ളത്‌ ശിവകുമാറിന്‌ പ്രതികൂല ഘടകമാണ്‌ Read on deshabhimani.com

Related News